ലോക്‌സഭാ തെരഞ്ഞെടുപ്പ്‌: ബിജെപി വിരുദ്ധ മുന്നണിയെ നയിക്കാന്‍ തയ്യാറെന്ന് വഗേല

ഗുജറാത്ത്: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ മുന്നണിയെ നയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഗുജറാത്തില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിന്‍ വഹേല. എന്നാല്‍ ഇതുവരെ പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങളെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു വലിയ മുന്നണിയെ നയിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് പിന്തുണയ്ക്കുന്നവരുടെ വിശ്വാസം.

കുറച്ചു കൂടി നല്ല ഏകോപനം പ്രാദേശിക പാര്‍ട്ടികള്‍ക്കിടയില്‍ ഉണ്ടായാല്‍ മാത്രമേ ബിജെപിയ്ക്ക് എതിരായി പോരാടാന്‍ സാധിക്കൂ എന്നും വഗേല ചൂണ്ടിക്കാട്ടി.

ഒരു മൂന്നാം മുന്നണിയെക്കുറിച്ചല്ല മറിച്ച് പ്രാദേശിക പാര്‍ട്ടികളെ ഉള്‍പ്പെടുത്തി രണ്ടാം മുന്നണി തന്നെയാണ് ഉദ്ദേശിക്കുന്നത്. ആശയ പരമായി എല്ലാം വ്യത്യസ്തമാണെങ്കിലും ബിജെപി വിരുദ്ധം എന്ന നിലയില്‍ എല്ലാ പാര്‍ട്ടികളെയും ഒരുമിച്ച് കൊണ്ട് വരാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും കോണ്‍ഗ്രസും ഇത്തരത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടിആര്‍സി, ടിഡിപി, സിപിഎം, എന്‍സിപി തുടങ്ങിയവ ഒന്നായും തെരഞ്ഞെടുപ്പിനെ നേരിടണം. അതിലൂടെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോകുന്നത് തടയാന്‍ സാധിക്കും.

ബിജെപി നേതാവും ഗാന്ധി നഗറില്‍ നിന്നുള്ള ലോക്‌സഭാ അംഗവുമായ ലാല്‍ കൃഷ്ണ അദ്വാനി 2019ലും മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതായി ശങ്കര്‍സിന്‍ വഗേല പറഞ്ഞു.

വഗേലയുടെ മകനും 2017 വരെ കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന മഹേന്ദ്ര സിംഗ് വഹേല ബിജെപിയില്‍ ചേര്‍ന്നിരുന്നു. 1998 വരെ ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്നു ശങ്കര്‍സിന്‍ വഗേല.

കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് ജാന്‍ വികല്‍പ് എന്ന പേരില്‍ മൂന്നാം മുന്നണി സജ്ജമാക്കി 2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിട്ടു.

Top