കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഇടുക്കിയില്‍ ഡീന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പതിമൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഹൈമാന്‍ഡ് പുറത്തുവിട്ടു. സോണിയാഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗത്തിന് ശേഷമാണ് പട്ടിക പുറത്തു വിട്ടത്. യോഗത്തില്‍ കേരളത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പങ്കെടുത്തത്.

തിരുവനന്തപുരത്ത് ശശി തരൂര്‍, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, എറണാകുളത്ത് ഹൈബി ഈഡന്‍, ചാലക്കുടി ബെന്നി ബഹന്നാന്‍, തൃശൂരില്‍ ടിഎന്‍ പ്രതാപന്‍, ആലത്തൂരില്‍ രമ്യാ ഹരിദാസ്, പാലക്കാട് വികെ ശ്രീകണ്ഠന്‍, കോഴിക്കോട് എംകെ രാഘവന്‍, കണ്ണൂരില്‍ കെ സുധാകരന്‍, കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക.

ആകെ 16 മണ്ഡലങ്ങളിലാണ് കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. 12 മണ്ഡലങ്ങളിലേക്കുള്ള പട്ടിക മാത്രമാണ് പൂര്‍ത്തിയായത്. ആലപ്പുഴ, ആറ്റിങ്ങല്‍, വയനാട്, വടകര മണ്ഡലങ്ങള്‍ തര്‍ക്കത്തെ തുടര്‍ന്ന് തീരുമാനമാകാതെ കിടക്കുകയാണ്. ചില മണ്ഡലങ്ങളില്‍ തര്‍ക്കമുള്ളതിനാല്‍ ഔദ്യോഗികപ്രഖ്യാപനം ഞായറാഴ്ച വൈകീട്ടോടെ മാത്രമേ ഉണ്ടാവുകയുള്ളൂ.

Top