യോഗാദിനം ഡിജിറ്റലില്‍; 21ന് വീടുകളില്‍ അഭ്യാസപ്രകടനം

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ അന്താരാഷ്ട്ര യോഗാദിനം ഡിജിറ്റല്‍ രീതിയിലാകും സംഘടിപ്പിക്കുകയെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21ന് രാവിലെ ഏഴിന് ലോകമെമ്പാടുമുള്ള യോഗ അഭ്യാസികള്‍ വീടുകളില്‍ അഭ്യാസ പ്രദര്‍ശനം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

വീടുകള്‍ക്കുള്ളില്‍ തന്നെ യോഗ പരിശീലനത്തിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജൂണ്‍ 11 മുതല്‍ 20 വരെ ഡി.ഡി ഭാരതി, ഡി.ഡി സ്‌പോര്‍ട്‌സ് ചാനലുകളില്‍ യോഗ പരിശീലനം സംപ്രേഷണം ചെയ്യുന്നുണ്ട്. ദിവസവും രാവിലെ എട്ടുമുതല്‍ അരമണിക്കൂര്‍ നേരമാണ് പരിപാടി.
മൊറാര്‍ജി ദേശായി ദേശീയ യോഗ ഇന്‍സ്‌റിറ്റിയൂട്ടാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

‘എന്റെ ജീവിതം, എന്റെ യോഗ’ എന്ന പേരില്‍ പൊതുജനങ്ങള്‍ക്കായി വീഡിയോ ബ്ലോഗിങ് മത്സരം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 21 ആണ് വീഡിയോ സബ്മിറ്റ് ചെയ്യാനുള്ള അവസാന തീയ്യതി. ലോകം കോവിഡിന്റെ പിടിയില്‍ കഴിയുമ്പോള്‍ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും മനസികപിരിമുറുക്കം കുറക്കുന്നതിനും യോഗ പശീലനത്തിനുള്ള പ്രാധാന്യം ഏറെയാണെന്നും മന്ത്രാലയം പറഞ്ഞു.

Top