ഡിസൈന്‍ മാറ്റത്തിനൊപ്പം ഹൈബ്രിഡ് എന്‍ജിനുമായി മസെരാറ്റിയുടെ സ്‌പോര്‍ട്‌സ് സെഡാന്‍ മോഡലായ ഗിബ്ലി 2021 പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ പതിപ്പിന് 1.15 കോടി രൂപ മുതല്‍ 1.42 കോടി രൂപ വരെയും ഉയര്‍ന്ന വകഭേദമായ ട്രോഫിയോയിക്ക് 1.93 കോടി രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ഗ്രാന്‍ലൂസോ, ഗ്രാന്‍സ്‌പോര്‍ട്ട് എന്നീ രണ്ട് വേരിയന്റുകളിലും മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലുമാണ് മസെരാറ്റി ഗിബ്ലി ഇന്ത്യയില്‍ എത്തുന്നത്.
കൂടുതല്‍ ഷാര്‍പ്പ് ലുക്കിനൊപ്പം ഫുള്‍ അഡാപ്റ്റീവ് എല്‍.ഇ.ഡി. മാറ്റ്‌റിക്‌സ് ഹെഡ്‌ലാമ്പാണ് മുഖഭാവത്തിലെ പുതുമ. മസെരാറ്റി സിഗ്നേച്ചര്‍ ഗ്രില്ലില്‍ മാറ്റം വരുത്തിയിട്ടില്ല. മസെരാറ്റി 3200 ജി.ടിയില്‍ നിന്ന് കടംകൊണ്ട ബൂമറാങ്ങ് ഷേപ്പിലുള്ള എല്‍.ഇ.ഡി.ടെയ്ല്‍ലൈറ്റാണ് പിന്‍വശത്തെ പുതുമ.
10.1 ഇഞ്ച് വലിപ്പമുള്ള ഫ്രെയിം ലെസ് ഹൈ റെസലൂഷന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയാണ് അകത്തളത്തിലെ പ്രധാനമാറ്റം. ഏഴ് ഇഞ്ച് ടി.എഫ്.ടി. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ് ഇതില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. വാഹനത്തിന്റെ സുരക്ഷയും മറ്റ് സ്റ്റാറ്റസുകളും ലഭ്യമാക്കുന്ന കണക്ടഡ് സാങ്കേതികവിദ്യയും മസെരാറ്റി ഗിബ്ലിയുടെ അകത്തളത്തെ സമ്പന്നമാക്കുന്നു. സ്മാര്‍ട്ട് വാച്ച്, ഫോണ്‍ എന്നിവയ്ക്ക് പുറമെ, അലക്‌സ, ഗൂഗിള്‍ അസിസ്റ്റ് എന്നിവയിലൂടെ ഇത് ആക്‌സസ് ചെയ്യാന്‍ സാധിക്കും. മസെരാറ്റിയുടെ മുന്‍ മോഡലുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ബ്രെംബോ ബ്രേക്കുകളും കാലിപ്പറുമാണ് 2021 ഗിബ്ലിയിലും നല്‍കിയിട്ടുള്ളത്. എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും പരിഷ്‌കരിച്ചിട്ടുണ്ട്.
റോഡിന്റെ അവസ്ഥയും വാഹനത്തിന്റെ ചലനവും തിരിച്ചറിയാന്‍ സാധിക്കുന്ന സെന്‍സര്‍ സംവിധാനത്തിലുള്ള സസ്‌പെന്‍ഷനുകളാണ് ഇത്തവണ ഗിബ്ലിയില്‍ ഇടംനേടിയിട്ടുള്ളത്. ഇത് മികച്ച യാത്ര അനുഭവം ഒരുക്കുമെന്നാണ് മസെരാറ്റി അവകാശപ്പെടുന്നത്. 325 ബി.എച്ച്.പി.പവറും 450 എന്‍.എം.ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിന്‍, 424 ബി.എച്ച്.പി.പവറും 580 എന്‍.എം.ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ വി6 എന്‍ജിന്‍, 572 ബി.എച്ച്.പി.പവറും 730 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 3.8 ലിറ്റര്‍ വി8 എന്‍ജിന്‍ എന്നിവയിലാണ് ഗിബ്ലി എത്തുന്നത്. മണിക്കൂറില്‍ 326 കിലോമീറ്ററാണ് ഗീബ്ലിയുടെ ഉയര്‍ന്ന വകഭേദമായ ട്രോഫിയോയുടെ പരമാവധി വേഗത.