2021 മോഡൽ ഡ്യൂക്ക് 125 ഇന്ത്യൻ വിപണിയിൽ

കൊച്ചി: ആഗോള വിപണിയിലെ മുൻനിര പ്രീമിയം ബൈക്ക് ബ്രാൻഡായ കെടിഎം 2021 മോഡൽ ഇയർ ഡ്യൂക്ക് 125 നെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. റൈഡർക്ക് തുല്യം വയ്ക്കാനാവാത്ത റൈഡിംഗ് അനുഭവം സമ്മാനിക്കുന്ന വാഹനം സ്വന്തമായി ഒരു കെടിഎം സ്വപ്‍നം കാണുന്ന ചെറുപ്പക്കാരെ ഉദ്ദേശിച്ചുള്ളതാണെന്നും കെടിഎമ്മിന്റെ ഇന്ത്യയിലെ എല്ലാ ഔട്ട്ലെറ്റുകളിലും ഇപ്പോൾ ഈ ബൈക്ക് ലഭ്യമാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 150,010 രൂപയാണ് ബൈക്കിന്‍റെ ദില്ലി എക്സ് ഷോറൂം വില.കൂടുതൽ ആധികാരികമായ ഒരു റൈഡിംഗ് പൊസിഷൻ ലഭിക്കുംവിധം 125 ഡ്യൂക്കിന്റെ എർഗണോമിക്സും മാറ്റിയിട്ടുണ്ട്.

കൂടാതെ റൈഡർ, പാസഞ്ചർ സീറ്റുകളുടെ രൂപത്തിലും പുതുമകളുണ്ട്. രൂപമാറ്റം വരുത്തിയ ഫ്യുവൽ ടാങ്കിന്റെ ശേഷി ഇപ്പോൾ 13.5 ലിറ്ററായി മാറിയിട്ടുണ്ട്. മുന്നിലും പിന്നിലും ഉള്ള പുത്തൻ WP സസ്പെൻഷൻ ഫോർക്കുകൾ 125 ഡ്യൂക്കിന്റെ ലോകോത്തര ഷാസിക്കും ബ്രേക്കിംഗ് ഘടകങ്ങൾക്കും ഏറെ ഇണങ്ങുന്നവയാണ്‌. എല്ലാത്തരം റൈഡർമാർക്കും എല്ലാത്തരം റോഡ് സാഹചര്യങ്ങളിലും സുഖയാത്ര സമ്മാനിക്കാൻ ഈ സസ്പെൻഷൻ സഹായിക്കുന്നു. മാത്രമല്ല, മറ്റു കെടിഎം വാഹനങ്ങളെ പോലെ കോർണറിങ്ങിലും 125 ഡ്യൂക്ക് റൈഡർക്ക് മികച്ച ആത്മവിശ്വാസമേകുമെന്നും കമ്പനി പറയുന്നു.

Top