ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ കാവസാക്കി തങ്ങളുടെ ശ്രേണിയിലെ മിഡില്‍ വെയ്റ്റ് ക്രൂയ്‌സര്‍ ബൈക്ക് മോഡലായ വള്‍ക്കന്‍ എസ്സിന്റെ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുത്തന്‍ പതിപ്പ് വില്പനക്കെത്തിച്ചത്. 30,000 രൂപ കൂട്ടിയാണ് ബിഎസ്6 വള്‍ക്കന്‍ എസ് എത്തിയത്. ഒരു വര്‍ഷത്തിനിപ്പുറം അല്പം പുതുമ നല്‍കി പുതിയ നിറത്തില്‍ വള്‍ക്കന്‍ എസ്സിനെ കാവസാക്കി വിപണിയിലെത്തിച്ചു.
2022 വള്‍ക്കന്‍ എസ് എന്ന് കാവസാക്കി വിളിക്കുന്ന പുത്തന്‍ മോഡലിന് മെറ്റാലിക് മാറ്റ് ഗ്രാഫെന്‍സ്റ്റീല്‍ ഗ്രേയ് നിറമാണ് ആകര്‍ഷണം. സില്‍വര്‍, ഗ്രേ നിറങ്ങളുടെ കോമ്പിനേഷനും ഒപ്പം കാവാസാക്കിയുടെ പ്രശസ്തമായ പച്ച നിറത്തിന്റെ ലൈനിങ്ങും ചേര്‍ന്നതാണ് പുതിയ നിറം. പുത്തന്‍ നിറം അവതരിപ്പിച്ചതോടെ ഇതുവരെ ലഭ്യമായിരുന്ന മെറ്റാലിക് ഫ്‌ലാറ്റ് റോ ഗ്രേയ്സ്റ്റോണ്‍ നിറം കാവസാക്കി പിന്‍വലിച്ചു.
6.10 ലക്ഷം ആണ് 2022 കാവസാക്കി വള്‍ക്കന്‍ എസ്സിന്റെ എക്സ്-ഷോറൂം വില. പുത്തന്‍ നിറവും വിലയിലുണ്ടായ ഏറ്റവും മാറ്റി നിര്‍ത്തിയാല്‍ 2022 വള്‍ക്കന്‍ എസ്സിന് കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത മോഡലുമായി വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല.
649 സിസി, പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ് 2022 കാവസാക്കി വള്‍ക്കന്‍ എസ്സിന്റെ ഹൃദയം. 7,500 ആര്‍പിഎമ്മില്‍ 59.94 ബിഎച്ച്പി കരുത്തും 6,600 ആര്‍പിഎമ്മില്‍ 62.4 എന്‍എം പരമാവധി ടോര്‍ക്കും നിര്‍മ്മിക്കുന്ന ഈ എന്‍ജിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
കാവസാക്കി എഗ്രോഫിറ്റ് സംവിധാനം ആണ് വള്‍ക്കന്‍ എസ്സിന്റെ സവിശേഷത. റൈഡ് ചെയ്യുന്ന വ്യക്തിയുടെ ഉയരം അനുസരിച്ച് ഹാന്‍ഡില്‍ ബാറും, ഫൂട്ട് പെഗ്ഗും ക്രമീകരിക്കാന്‍ ഈ ഫീച്ചര്‍ അനുവദിക്കുന്നു. ടെലിസ്‌കോപ്പിക് ഫോര്‍ക്ക് മുന്നിലും ഓഫ്സെറ്റ് മോണോഷോക്ക് പിന്നിലും വള്‍ക്കന്‍ എസ്സിന്റെ സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നു. ഇരു ചക്രങ്ങള്‍ക്കും സിംഗിള്‍ ഡിസ്‌ക് ബ്രെയ്ക്കാണ്.