ന്യൂഡല്‍ഹി: നരേന്ദ്രമോദിയെയും ബിജെപി സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി 2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് ദേശീയ ജനാധിപത്യ സഖ്യം. സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എന്‍ഡിഎ നാളെ ഡല്‍ഹിയില്‍ യോഗം ചേരും. യോഗത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. എഐഎഡിഎംകെ, ശിവസേന, എന്‍സിപി , ജനസേന പാര്‍ട്ടി, എന്‍പിപി, നാഷണലിസ്റ്റ് ഡേമോക്രറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി, അപ്നാദള്‍ (യുപി), റിപബ്ലിക്കന്‍ പാര്‍ട്ടി(എ) എന്നിവയാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ബീഹാറില്‍ നിന്ന് ലോക് ജനശക്തി പാര്‍ട്ടിയുടെ ചിരാഗ് പാസ്വാന്‍, ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ ജിതന്‍ റാം മാഞ്ചി, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയുടെ ഉപേന്ദ്ര സിംഗ് കുശ്വാഹ, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ മുകേഷ് സഹാനി എന്നിവര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയായിരുന്ന ഓം പ്രകാശ് രാജ്ബറിന്റെ സുഹല്‍ദേവ് ബിഎസ്പി എന്‍ഡിഎയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ഓം പ്രകാശ് രാജ്ബര്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയത്.