ന്യൂഡല്‍ഹി : രാജ്യത്തെ 255 രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക വിവരങ്ങള്‍ അറിയാന്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 206 പാര്‍ട്ടികളെപ്പറ്റി യാതൊരു വിവരവുമില്ല.
32 പാര്‍ട്ടികള്‍ പ്രവര്‍ത്തനം നിലച്ചനിലയിലും . രാജ്യസഭയിലെ ചോദ്യത്തിനു മറുപടിയായി ധനകാര്യ സഹമന്ത്രി സന്തോഷ്‌കുമാര്‍ ഗാങ്വാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ 255 രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക വിവരങ്ങള്‍ ആദായനികുതി വകുപ്പിനോട് ആവശ്യപ്പെട്ടത്. റജിസ്റ്റര്‍ ചെയ്ത, എന്നാല്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരം ഇല്ലാത്ത പാര്‍ട്ടികളാണ് ഇവ. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഇതില്‍ 206 പാര്‍ട്ടികളെപ്പറ്റി ഒരു വിവരവും ഇല്ലെന്ന് കണ്ടെത്തിയത്. ഇതില്‍ 32 പാര്‍ട്ടികള്‍ നിലവിലുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ലെന്നും മനസ്സിലായി.
പാന്‍ നമ്പര്‍ ഉള്ള പാര്‍ട്ടികളുടെ എണ്ണം 17 മാത്രമായിരുന്നു. ഇതില്‍ നാലു പാര്‍ട്ടികള്‍ മാത്രം ആദായനികുതി വകുപ്പിന് മറുപടി നല്‍കി – പരിധിക്കു താഴെ മാത്രമാണ് തങ്ങള്‍ക്കു കിട്ടിയ സംഭാവന എന്നായിരുന്നു മറുപടി.