20lakh-rupees-seized-from-bjp-youth-leader

സേലം: നോട്ട് നിരോധനത്തെ അനുകൂലിച്ച് രാജ്യത്തിന്റെ പുരോഗതിക്കായി ക്യൂവില്‍ നില്‍ക്കാന്‍ താന്‍ ഒരുക്കമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപിയുടെ യുവ നേതാവില്‍ നിന്നും 20 ലക്ഷം രൂപ പിടിച്ചെടുത്തു.

സേലത്തെ ബിജെപി യുവജന വിഭാഗം സെക്രട്ടറിയായ ജെവിആര്‍ അരുണിനെയാണ് 20.55 ലക്ഷം രൂപ സഹിതം തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത പണത്തില്‍ പുതിയ 2,000 രൂപയുടെ 926 നോട്ടുകളും ഉള്‍പ്പെടുമെന്ന് പൊലീസ് പറഞ്ഞു.

അരുണിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് 2000ത്തിന്റെ 926 നോട്ടുകളും 100 രൂപയുടെ 1530 നോട്ടുകളും 50 രൂപയുടെ 1000 നോട്ടുകളും കണ്ടെത്തിയത്.

പണത്തിന്റെ ഉറവിടം തെളിയിക്കാന്‍ ആവശ്യമായ സമയം നല്‍കിയെങ്കിലും അരുണിന് ഇത് കഴിഞ്ഞില്ലെന്നും ഇതേ തുടര്‍ന്ന് പിടിച്ചെടുത്ത പണം ജില്ലാ ട്രഷറിയില്‍ നിക്ഷേപിച്ചതായും പൊലീസ് പറഞ്ഞു.

2000 രൂപയുടെ നോട്ടുകള്‍ അരുണിന് ലഭിക്കുന്നതിന് ബാങ്ക് അധികൃതരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് വരുമാന നികുതി അധികൃതര്‍ പരിശോധിക്കുകയാണ്.

അരുണിനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട്, പാര്‍ട്ടി ചുമതലകളില്‍ നിന്നും അരുണിനെ നീക്കിയതായി ബിജെപി സംസ്ഥാന അധ്യക്ഷ അറിയിച്ചു.

Top