ഗുവാഹാട്ടി: തേയിലത്തോട്ടം തൊഴിലാളികള്‍ ഡോക്ടറെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ 21 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 250ഓളം പേര്‍ വരുന്ന ആള്‍ക്കൂട്ടമാണ് രണ്ട് ദിവസം മുമ്പ് ടീ എസ്റ്റേറ്റ് ഡോക്ടറെ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. 73 കാരനായ ഡോക്ടര്‍ ദേബന്‍ ഗുപ്തയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഐഎംഎ കഴിഞ്ഞ ദിവസം പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു.
ഗുവാഹാട്ടിയില്‍ നിന്ന് 300 കി.മി അകലെയുള്ള ജോര്‍ഹാട്ടിലെ തേയിലത്തോട്ടത്തില്‍ ശനിയാഴ്ചയാണ് സംഭവം. എസ്റ്റേറ്റ് ആശുപത്രിയില്‍ ഡോക്ടര്‍ ദേബന്‍ ഗുപ്ത സ്ഥലത്തില്ലാതിരുന്ന സമയത്താണ് സോമ്ര മാജി എന്ന തോട്ടം തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ തൊഴിലാളികള്‍ ശക്തമായി പ്രതിഷേധിച്ചു. തിരികെ ആശുപത്രിയിലെത്തിയ ഡോക്ടറെ ജീവനക്കാര്‍ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
എസ്റ്റേറ്റിലെ വെല്‍ഫെയര്‍ ഓഫീസര്‍ സ്ഥലത്തെത്തി ജീവനക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പിന്നീട് പൊലീസും സി.ആര്‍.പി.എഫും സ്ഥലത്തെത്തിയാണ് അക്രമികളെ പിന്തിരിപ്പിച്ചത്. പിന്നീട് ഡോക്ടറെ ജോര്‍ഹട്ട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ക്കൊപ്പം പുറത്തുനിന്ന് എത്തിയവരും ഡോക്ടറെ മര്‍ദ്ദിച്ചുവെന്ന് അമാല്‍ഗമേറ്റഡ് പ്ലാന്റേഷന്‍ ലിമിറ്റഡ് അധികൃതര്‍ പറഞ്ഞു.