അമേരിക്കയില്‍ കോള്‍ സെന്റര്‍ തട്ടിപ്പ് : 21 ഇന്ത്യക്കാര്‍ക്ക് തടവ് ശിക്ഷ.

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോള്‍ സെന്റര്‍ തട്ടിപ്പ് നടത്തിയ കുറ്റത്തിന് 21 ഇന്ത്യക്കാര്‍ക്ക് തടവ് ശിക്ഷ. നാല് മുതല്‍ 20 വര്‍ഷം വരെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളുടെ തട്ടിപ്പിന് ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാരാണ് ഇരയായത്.

അഹമ്മദാബാദ്, ഗുജറാത്ത് എന്നീ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളാണ് അമേരിക്കന്‍ പൗരന്മാരുടെ തട്ടിപ്പിനിരയാക്കിയത്. ദശലക്ഷ കണക്കിന് ഡോളറാണ് തട്ടിപ്പിലൂടെ ഇവര്‍ക്ക് നഷ്ടമായത്. 2012 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്.

സണ്ണി ജോഷി, മിത്തേഷ്‌കുമാര്‍ പട്ടേല്‍, ഫഹദ് അലി, ജഗദീഷ്‌കുമാര്‍ ചൗധരി, ദിലീപ് ആര്‍ പട്ടേല്‍, വിരാജ് പട്ടേല്‍, ഹര്‍ഷ് പട്ടേല്‍, രാജേഷ് ഭട്ട്, ഭേഷ് പട്ടേല്‍ എന്നിവരാണ് അറസ്റ്റിലായത്. ജെറി നോറിസ്, നിസാര്‍ഗ് പട്ടേല്‍, മോണ്‍തു ബറോട്ട്, പ്രഫുല്‍ പട്ടേല്‍, ദിലീപ് എ. പട്ടേല്‍, നിലേഷ് പാണ്ഡ്യ, രാജേഷ് കുമാര്‍, ഹരിക് പട്ടേല്‍, രാജുഭായ് പട്ടേല്‍, അശ്വിന്‍ഭായ് ചൗധരി, ഭരത്കുമാര്‍ പട്ടേല്‍, നിലം പരീഖ് എന്നിവര്‍ക്കാണ് തടവ് വിധിച്ചിരിക്കുന്നത്.

ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളില്‍ നിന്ന് യു.എസ് അധികൃതരെന്ന വ്യാജേന അമേരിക്കന്‍ പൗരന്മാരില്‍ നിന്നും പണം തട്ടിയ സംഘമാണ് പിടിയിലായത്. വയസ്സായവരെയും നിയമപരമായി കുടിയേറിയവരെയുമാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

പണം അടച്ചില്ലെങ്കില്‍ പിഴ ചുമത്തും, അറസ്റ്റ് ചെയ്യും, നാടുകടത്തും തുടങ്ങിയ ഭീഷണിയാണ് മുഴക്കിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. ഇതോടെ ആകെ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 24 ആയി. ശിക്ഷ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ബഹുഭൂരിപക്ഷം പേരെയും ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

Top