ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ വമ്പനായ ആമസോണില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത 21 കാരന്‍ പിടിയില്‍

arrest

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത 21 കാരന്‍ പിടിയില്‍.

ന്യൂഡല്‍ഹി സ്വദേശിയായ ശിവം ചോപ്രയാണ് പിടിയിലായിരിക്കുന്നത്. ആമസോണ്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ആമസോണില്‍ നിന്ന് വില കൂടിയ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യുകയും, ഇവ കൈപ്പറ്റിയതിനു ശേഷം മറിച്ചു വില്‍ക്കുകയും ചെയ്യും.

ശേഷം മൊബൈലുകള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും കാലിയായ പെട്ടികള്‍ മാത്രമാണ് ലഭിച്ചതെന്നു കാണിച്ച് ആമസോണിന് പരാതി നല്‍കുകയും പണം തിരികെ വാങ്ങുകയും ചെയ്യും.

ഈ വര്‍ഷം ഏപ്രില്‍മെയ് മാസത്തിനിടെ 50 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ ശിവം കൈക്കലാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വില കൂടിയ മൊബൈലുകള്‍ ഓര്‍ഡര്‍ ചെയ്ത് കൈപ്പറ്റിയ ശേഷം മറ്റ് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് സൈറ്റുകളായ ഒഎല്‍ എക്‌സ്, ഡല്‍ഹിയിലെ ഗഫര്‍ മാര്‍ക്കറ്റ് തുടങ്ങയവയില്‍ വില്‍ക്കുകയുമായിരുന്നു ഇയാള്‍.

മൊബൈല്‍ ഓര്‍ഡര്‍ ചെയ്യാന്‍ പല വ്യാജപേരുകളും, തെറ്റായ വിലാസങ്ങളുമാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്‌.

ഫോണ്‍ കൈമാറാന്‍ വരുന്നയാള്‍ക്ക് വിലാസം കണ്ടെത്താന്‍ കഴിയാതിരിക്കുകയും മടങ്ങിപ്പോവുകയും ചെയ്യും.

തുടര്‍ന്ന് ഫോണ്‍ വിതരണം ചെയ്യുന്നയാളെ ഫോണില്‍ വിളിക്കുകയും മറ്റൊരിടത്ത് ഫോണ്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയുമാണ് പതിവ്.

166 ഓര്‍ഡറുകളാണ് ഇയാള്‍ ഇതുവരെ ചെയ്തത്. ഇവയ്‌ക്കെല്ലാം ഒരേ രീതി തന്നെയാണ് പിന്തുടര്‍ന്നത്.

ഓര്‍ഡര്‍ ചെയ്യുന്നതിനും, ഫോണ്‍ വിതരണം ചെയ്യാന്‍ വരുന്നയാളെ വിളിക്കുന്നതിനുമായി നിരവധി വ്യാജ സിമ്മുകളാണ് ശിവം ഉപയോഗിച്ചിരുന്നത്.

ഇയാള്‍ക്ക് 141 ല്‍ അധികം സിമ്മുകള്‍ നല്‍കിയ സച്ചിന്‍ ജെയിന്‍ എന്ന മൊബൈല്‍ കടയുടമയെയും പൊലീസ് അറസ്റ്റ് ചെയ്തു.

19 മൊബൈല്‍ ഫോണുകളും 12 ലക്ഷം രൂപയും 40 ബാങ്ക് പാസ് ബുക്കുകളും ചെക്കുകളും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു.

Top