ന്യൂഡല്‍ഹി: കേന്ദ-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വ്യക്തിഗത ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പടെ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍.
ഇലക്‌ട്രോണിക്‌സ് & ഐ.ടി സഹമന്ത്രി പി.പി ചൗധരിയാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്.
ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം സര്‍ക്കാര്‍ വകുപ്പുകളുടേത് ഉള്‍പ്പെടെയുള്ള 210 വെബ്‌സൈറ്റുകള്‍ ഗുണഭോക്താക്കളുടെ പേര്, മേല്‍വിലാസം, ആധാര്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയവയടക്കം ലഭ്യമാക്കിയിരിക്കുന്നത്.
ഇത് നിലവില്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാവുന്നുണ്ടെന്ന് സര്‍ക്കാര്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. എന്നാലിത് ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ചയല്ലെന്നും ചൗധരി അറിയിച്ചു.
അതേസമയം, സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അംഗീകൃത എജന്‍സികള്‍ക്ക് മാത്രമേ ആധാര്‍ വിവരങ്ങള്‍ കൈമാറുകയുള്ളു എന്നും സര്‍ക്കാര്‍ അറിയിച്ചു.