വാഷിംഗ്ടണ്‍: ലോകജനസംഖ്യ ക്രമാതീതമായി കുതിച്ചുയരുമെന്ന് യു.എന്‍ കേന്ദ്രീകരിച്ചുള്ള പഠന റിപ്പോര്‍ട്ട് പറയുന്നു. 2100 ആകുന്നതോടെ ലോകജനസംഖ്യ 1100 കോടിയായിരിക്കുമെന്നാണ് വ്യാഴാ്ച്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്.
2100 ല്‍ പ്രതീക്ഷിച്ചിരുന്ന ജനസംഖ്യയെക്കാള്‍ 200 കോടി അധികമാണിത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജനനനിരക്ക് കൂടുന്നതിനാലാണിതെന്ന് യു.എസ് സയന്‍സ് ജേണലില്‍ പറയുന്നു. നിലവില്‍ 700 കോടി ജനങ്ങളാണ് ലോകത്തുള്ളത്. ജനസംഖ്യ ഇതേനിരക്കില്‍ തുടരാന്‍ 70 ശതമാനം സാധ്യതയില്ലെന്ന് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസര്‍ അഡ്രിയാന്‍ റാഫെറി പറയുന്നു.
ലഭിക്കാവുന്ന ഏറ്റവും നല്ല വിവരങ്ങള്‍ വച്ചാണ് ജനസംഖ്യാ കണക്ക് പ്രവചിച്ചിരിക്കുന്നത്. യുണൈറ്റഡ് നേഷന്റെ ഏറ്റവും പുതിയ ജനസംഖ്യാ വിവരങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
നിലവില്‍ 100 കോടി ജനങ്ങളുള്ള ആഫ്രിക്കയില്‍ മാത്രം 2100 ആകുമ്പോഴത്തേക്ക് 400 കോടി ജനങ്ങളുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 350 കോടിക്കും 500 കോടിക്കും ഇടയിലായിരിക്കും ആഫ്രിക്കയിലെ ജനസംഖ്യയെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഫ്രിക്കയില്‍ ജനസംഖ്യ കുതിച്ചുയരുമ്പോള്‍ ചില രാജ്യങ്ങളില്‍ ജനസംഖ്യാ നിരക്ക് കുറഞ്ഞു വരുമെന്നും പഠനം പറയുന്നു. 450 കോടി ജനങ്ങളുള്ള ഏഷ്യയില്‍ 2050 ആകുന്നതോടെ 500 കോടി ജനങ്ങളാകുമെന്നും അതിന് ശേഷം ജനസംഖ്യാ നിരക്ക് കുറഞ്ഞുവരുമെന്നും പഠനം പറയുന്നു. വടക്കേ അമേരിക്ക, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ രാജ്യങ്ങള്‍ തുടങ്ങിയവയില്‍ 100 കോടിക്ക് താഴെ ജനസംഖ്യാ നിരക്ക് നിലനില്‍ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ പകര്‍ച്ച വ്യാധികളും, ദാരിദ്ര്യവും വ്യാപകമാകുമെന്നും പഠനം പറയുന്നു. ജനസംഖ്യാ നിരക്ക് കുറയ്ക്കാനുള്ള ഏറ്റവും നല്ല രണ്ട് വഴികള്‍ ജനന നിരക്ക് കുറയ്ക്കുകയും, പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം കൊടുക്കുകയുമാണെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.