സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ അഫ്ഗാനിസ്ഥാനെയും കൂട്ടുപിടിക്കാനൊരുങ്ങി ചൈന

ബെയ്ജിങ് : ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയില്‍ അഫ്ഗാനിസ്ഥാനെ കൂടി ഉള്‍പ്പെടുത്താന്‍ ചൈനീസ് ശ്രമം.

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് ഇക്കാര്യം അറിയിച്ചത്. മേഖലയുടെ ആകെയുള്ള വികസനത്തിന് സാമ്പത്തിക ഇടനാഴി ഉപയോഗിക്കാനാകുമെന്നാണ് ചൈനയുടെ പ്രതീക്ഷയെന്നും വാങ് യി വ്യക്തമാക്കി.

പാക്ക്-ചൈന ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അഫ്ഗാന്‍ ജനതയ്ക്ക് സഹകരിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ വികസനം ലഭ്യമാക്കണം. അതിനു വേണ്ടിയാണ് സാമ്പത്തിക ഇടനാഴി അഫ്ഗാനിലേക്കും വ്യാപിപ്പിക്കേണ്ടതെന്നും വാങ് യി അഭിപ്രായപ്പെട്ടു.

ചെറുകിട പദ്ധതികളുടെ നിര്‍മാണത്തിലൂടെയായിരിക്കും നിര്‍ണായകമായ നീക്കത്തിനു തുടക്കം കുറിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഉരുക്കുപോലെ ഉറച്ചതാണെന്ന് പാക് വിദേശകാര്യ മന്ത്രി ക്വാജ ആസിഫ് പറഞ്ഞു.

അഫ്ഗാനിസ്ഥാനും ഇറാനുമടക്കമുള്ള രാഷ്ട്രങ്ങള്‍ക്ക് ചൈന-പാക്ക് സാമ്പത്തിക ഇടനാഴി പരസ്പരസഹകരണത്തിന്റെ നല്ല മാതൃകയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാക്ക് അധീന കശ്മീരിലൂടെ കടന്നു പോകുന്ന സാമ്പത്തിക ഇടനാഴി പദ്ധതിയെ ഇന്ത്യയുടെ എതിര്‍പ്പ് മറികടന്നാണ് ഇരുരാജ്യങ്ങളും മുന്നോട്ടുപോകുന്നത്.

അഫ്ഗാനിലും പാക്കിസ്ഥാനിലും വളരുന്ന ഭീകരത ചൈനയിലേക്ക് വ്യാപിക്കുന്നത് തടയാമെന്ന് പുതിയ പദ്ധതിയിലൂടെ ചൈന ലക്ഷ്യമിടുന്നതും.

Top