കൊളംബോ: പ്രസിഡന്റിന് അനിയന്ത്രിതമായ അധികാരം നല്‍കിയ ഭരണഘടനയുടെ 20-ാം വകുപ്പ് റദ്ദാക്കുന്ന 21-ാം ഭേദഗതി ശ്രീലങ്കന്‍ മന്ത്രിസഭ അംഗീകരിച്ചു. പാര്‍ലമെന്റിനെ ശക്തിപ്പെടുത്തുന്ന 19-ാം ഭേദഗതി പിന്‍വലിച്ചതിന് ശേഷം പ്രസിഡന്റ് ഗോതബയ രാജപക്‌സെയ്ക്ക് അധികാരം നല്‍കുന്ന ഭരണഘടനയിലെ 20-ാം (എ) വകുപ്പാണ് 21-ാം ഭേദഗതിയിലൂടെ റദ്ദാക്കിയത്.
ഭേദഗതി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും പാസാക്കുകയും ചെയ്തതായി വിനോദസഞ്ചാര വകുപ്പ് മന്ത്രി ഹരിന്‍ ഫെര്‍ണാടോ അറിയിച്ചു. ഇത് വോട്ടെടുപ്പിനായി ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭയ്ക്കും ദേശീയ കൗണ്‍സിലിനും ഒപ്പം പാര്‍ലമെന്റിനോടും പ്രസിഡന്റിന് ഇനി ഉത്തരവാദിത്തമുണ്ടാകും.
ഏതൊരു പുതിയ ബില്ലും അതിന്റെ ഭരണഘടനാ സാധുത ഉറപ്പാക്കാന്‍ സുപ്രീം കോടതിയിലേക്ക് അയ്ക്കണമെന്ന വ്യവസ്ഥയും ഭേദഗതിയില്‍ കൂട്ടിച്ചേര്‍ത്തു.സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്‍പ് ഭേദഗതി കൊണ്ടുവരുന്നതിനെതിരെ ശ്രീലങ്ക പൊതുജന പെരുമുനയിലെ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ വിക്രമസിംഗെയും ഗോതബയയും തമ്മിലുള്ള കരാറിന്റെ പ്രധാന ഘടകമായിരുന്നു ഭരണഘടനാ പരിഷ്‌കരണം. പ്രസിഡന്റ് ഗോതബയ രാജപക്‌സെ, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, വിദേശകാര്യ മന്ത്രി ജി എല്‍ പീരിസ്, എന്നിവര്‍ വിഷയത്തില്‍ പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. പ്രതിപക്ഷത്തിന്റെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 21-ാം ഭേദഗതി അംഗീകാരത്തിനായി സമര്‍പ്പിച്ചത്.