ശ്രീലങ്കയില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം; നേട്ടം 22 വര്‍ഷങ്ങള്‍ക്ക് ശേഷം

കൊളംബോ: 22 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യക്ക് ചരിത്ര ജയം. മൂന്നാം ടെസ്റ്റില്‍ 386 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 268 റണ്‍സിന് പുറത്തായി. ഇന്ത്യക്ക് 117 റണ്‍സ് ജയം. മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1 ന് നേടി. നായകനെന്ന നിലയില്‍ അരങ്ങേറിയ ആദ്യപരമ്പര തന്നെ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തോടെ കോഹ്‌ലിക്കു പ്രയാണം തുടരാം.

അവസാന ദിനമായ ഇന്ന് ചായയ്ക്കു പിരിയുമ്പോള്‍ ലങ്ക ആറിന് 249 റണ്‍സ് എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസും ക്രീസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചായയ്ക്കു ശേഷമുള്ള ആദ്യ ഓവറില്‍ തന്നെ ഇശാന്ത് ശര്‍മ, സെഞ്ചുറി നേടിയ മാത്യൂസിനെ(110) പുറത്താക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇശാന്തിന്റെ 200ാം വിക്കറ്റ് നേട്ടമായിരുന്നു ഇത്. പിന്നീടെത്തിയ രംഗണ ഹെറാത്തിനെ അശ്വന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി.

അഞ്ചിന് 107 എന്ന നിലയില്‍ തകര്‍ന്ന ലങ്കയെ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസിന്റെ സെഞ്ചുറിയും കുശാല്‍ പേരേരയുടെ അര്‍ധ സെഞ്ചുറിയുമാണ്(70) കരകയറ്റിയത്. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 135 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മാത്യൂസിന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറിയാണിത്.

1993ല്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഏറ്റവും ഒടുവില്‍ ശ്രീലങ്കയില്‍ പരമ്പര നേടിയത്.

Top