ഒരു ദിവസം എന്‍സിപി ഞെട്ടിയെങ്കില്‍, ഇനി ഞെട്ടാന്‍ ഇരിക്കുന്നത് സാക്ഷാല്‍ ശിവസേന. ബിജെപി, എന്‍സിപി വിമതസംഖ്യത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ 22 ശിവസേന എംഎല്‍എമാരുടെ പിന്തുണ ബിജെപി സര്‍ക്കാരിന് ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഉദ്ധവ് താക്കറെയുടെ ശിവസേനയെ കൈവിട്ട് ഇത്രയും എംഎല്‍എമാര്‍ പഴയ സഖ്യകക്ഷിക്കൊപ്പം ചേരുമെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തെ ചതിച്ചാണ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സ്ഥാനം ഏറ്റതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ആരോപിച്ചിരുന്നു. അജിത് പവാറിന്റെ നീക്കങ്ങള്‍ക്ക് എന്‍സിപി പിന്തുണയില്ലെന്ന് ശരത് പവാറും വ്യക്തമാക്കി. എന്‍സിപി പിന്തുണ അറിയിച്ച് അജിത് പവാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയ 54 എംഎല്‍എമാര്‍ ഒപ്പുവെച്ച കത്ത് പ്രതിപക്ഷത്തിന്റെ ത്രികക്ഷി സര്‍ക്കാരിന് വേണ്ടി വാങ്ങിയ കത്താണെന്നാണ് ഇതോടകം വ്യക്തമാകുന്നത്.
ഇതിനിടെയാണ് ശിവസേനയില്‍ നിന്നും 22 എംഎല്‍എമാര്‍ ബിജെപി സഖ്യത്തിന് പിന്തുണ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ചിരവൈരികളായ കോണ്‍ഗ്രസിനും, എന്‍സിപിക്കും ഒപ്പം കൂട്ടുകൂടുന്നതിനെതിരെ ശിവസേനയില്‍ എതിര്‍സ്വരം ശക്തമായിരുന്നു. ത്രികക്ഷി സര്‍ക്കാരുമായി മുന്നോട്ട് പോയതോടെ ബിജെപി ഈ എതിര്‍പ്പ് മുതലെടുത്തുവെന്ന് വേണം കരുതാന്‍. ഇതിന് പുറമെയാണ് സ്വതന്ത്ര എംഎല്‍എമാരുടെയും കൂടി പിന്തുണ ഫഡ്‌നാവിസ് സര്‍ക്കാരിന് ലഭിക്കും.
ശിവസേന ചതിച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും വിട്ടുനിന്ന ബിജെപി പൊടുന്നനെ സര്‍ക്കാര്‍ രൂപീകരിച്ചത് ഈ കൊഴിഞ്ഞുപോക്കിന് ശക്തിയേകുന്നതിന് വേണ്ടി തന്നെയാണ്. മുഖ്യമന്ത്രിയായി അധികാരം ഏറ്റ സ്ഥിതിക്ക് മറുകണ്ടം ചാടാന്‍ തയ്യാറായ എംഎല്‍എമാര്‍ക്ക് ശക്തമായ സന്ദേശം നല്‍കുകയാണ് ബിജെപി ചെയ്തിരിക്കുന്നത്. വരാനിരിക്കുന്ന മണിക്കൂറുകളില്‍ ‘മഹാ’നാടകത്തിലെ ട്വിസ്റ്റുകള്‍ കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.