ചൈനയിലെ 2200 വർഷം പഴക്കമുള്ള ശവക്കല്ലറ; തുറക്കുന്നവരുടെ ജീവനു തന്നെ ഭീഷണി

ചൈനയിലെ ആദ്യ രാജാവായിരുന്ന ക്വിന്‍ ഷി ഹുവാങിന്റെ ശവക്കല്ലറ തുറക്കാന്‍ ഇന്നും പുരാവസ്തുഗവേഷകര്‍ തയ്യാറായിട്ടില്ല. തുറക്കുന്നവരുടെ ജീവനു തന്നെ ഭീഷണിയാവാന്‍ സാധ്യതയുള്ള പലതും 2,200 വര്‍ഷം പഴക്കമുള്ള ശവക്കല്ലറയിലുണ്ടെന്ന ആശങ്കയാണ് ഇതിനു പിന്നില്‍. ചൈനയിലെ പ്രസിദ്ധമായ കളിമണ്‍ യോദ്ധാക്കളെ ലഭിച്ചത് ക്വിന്‍ ഷി ഹുവാങിന്റെ ശവക്കല്ലറക്കു സമീപത്തു നിന്നായിരുന്നു. മരണാനന്തര ജീവിതത്തില്‍ ക്വിന്‍ ഷി ഹുവാങിന് സംരക്ഷണം നല്‍കുന്നതിനായിരുന്നു ഈ കളിമണ്‍ സൈന്യത്തെ നിര്‍മിച്ചിരുന്നത്.

ഐക്യ ചൈനയിലെ ആദ്യ ചക്രവര്‍ത്തിയായിരുന്ന ക്വന്‍ ഷി ഹുവാങ് ബി.സി 221 മുതല്‍ ബി.സി 210 വരെയാണ് ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം വലിയൊരു കളിമണ്‍ സൈന്യത്തെ തന്നെ നിര്‍മിച്ച് ശവകുടീരത്തിനു സമീപത്തായി വിന്യസിച്ചു. 8,000 സൈനികരും 130 രഥങ്ങളും 500 കുതിരകളുമെല്ലാം അടങ്ങുന്ന വലിയ സേനാ വ്യൂഹമായിരുന്നു ഇത്. ഓരോ പ്രതിമകള്‍ക്കും വ്യക്തിപരമായ സവിശേഷതകളും പദവി വര്‍ധിക്കുന്നതിന് അനുസരിച്ച് പ്രതിമയുടെ വലിപ്പത്തിലും ഗാംഭീര്യത്തിലും പോലും വ്യത്യാസങ്ങളുമുണ്ടായിരുന്നു. 1974ല്‍ ഷാന്‍സിയിലെ ഷിയാന്‍ എന്ന സ്ഥലത്ത് കിണര്‍ കുഴിക്കുകയായിരുന്ന കര്‍ഷകര്‍ക്കാണ് ആദ്യത്തെ കളിമണ്‍ സൈനിക രൂപങ്ങള്‍ ലഭിക്കുന്നത്.

ക്വന്‍ ഷി ഹുവാങ് മരിച്ച് 100 വര്‍ഷങ്ങള്‍ക്കു ശേഷം ചൈനീസ് ചരിത്രകാരനായ സിമ ക്വിയാന്‍ രാജാവിന്റെ ശവകുടീരത്തിലെ മരണക്കെണികളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ‘ശവകുടീരം തുറക്കുന്നവര്‍ക്കു നേരെ കുന്തങ്ങളും അമ്പുകളും തൊടുക്കാന്‍ പാകത്തിന് സജ്ജീകരിക്കാന്‍ ശവകുടീരം നിര്‍മിച്ചവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്തേക്കൊഴുകാന്‍ തയ്യാറായിക്കൊണ്ട് രസവും(മെര്‍ക്കുറി) ഒരുക്കിവെച്ചിട്ടുണ്ട്’ എന്നായിരുന്നു ചൈനീസ് ചരിത്രകാരന്‍ കുറിച്ചിരുന്നത്.

2020ല്‍ ക്വന്‍ ഷി ഹുവാങിന്റെ ശവകുടീരത്തിനു സമീപം പഠനം നടത്തിയ ഗവേഷകര്‍ പ്രദേശത്ത് വളരെ ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലപ്പഴക്കംകൊണ്ട് ശവകുടീരത്തിലുണ്ടായ ചെറിയ വിള്ളലുകള്‍ വഴി മെര്‍ക്കുറി പുറത്തെത്തിയതാവാമെന്നാണ് അന്നത്തെ പഠനം പറഞ്ഞിരുന്നത്. ഒരിക്കലും ഈ ശവകുടീരം തുറക്കുകയോ മോഷ്ടിക്കുകയോ ചെയ്യരുതെന്ന നിര്‍ബന്ധത്തിലായിരിക്കാം ഇങ്ങനെ ചെയ്തതെന്നും പഠനം വിശദീകരിക്കുന്നു.

ഐക്യ ചൈനയുടെ ആദ്യ ഭരണാധികാരിയായിരുന്ന ക്വന്‍ ഷി ഹുവാങിന് ജീവിച്ചിരുന്ന കാലത്തു തന്നെ മെര്‍ക്കുറിയോട് അമിതമായ താല്‍പര്യമുണ്ടായിരുന്നു. മെര്‍ക്കുറി കഴിക്കുന്നത് മരണത്തെ അകറ്റി നിര്‍ത്തുമെന്ന തെറ്റായ വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു. മദ്യത്തില്‍ മെര്‍ക്കുറി ഒഴിച്ച് കഴിച്ചതാണ് 49ാം വയസില്‍ ക്വന്‍ ഷി ഹുവാങിന്റെ മരണത്തിനു പോലും കാരണമായതെന്നും കരുതപ്പെടുന്നു.

മെര്‍ക്കുറിയും തുറക്കുന്നവര്‍ക്കു നേരെ തൊടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ആയുധങ്ങളും മാത്രമല്ല പുരാവസ്തു ഗവേഷകരെ ഈ ശവകുടീരം തുറക്കുന്നതില്‍ നിന്നും പിന്നോട്ടു വലിക്കുന്നത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ശവകുടീരം തുറക്കുന്നതുവഴി അതിനു നാശം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഈയൊരു കാരണവും ക്വന്‍ ഷി ഹുവാങിന്റെ ശവകുടീരത്തെ തൊടാന്‍ ഗവേഷകര്‍ പേടിപ്പിക്കുന്നുണ്ട്. നിലവില്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ക്വന്‍ ഷി ഹുവാങിന്റെ ശവകുടീരവും കളിമണ്‍ സൈന്യവും. മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാന പുരാവസ്തു കണ്ടെത്തലുകളിലൊന്നായിട്ടാണ് ഇതു കണക്കാക്കുന്നത്.

Top