23 Naxals Surrender Before Chhattisgarh Officials In Bastar District

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബാസ്തര്‍ ജില്ലയില്‍ 23 നക്‌സലുകള്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. മൂന്ന് വനിതകള്‍ ഉള്‍പ്പെട്ട സംഘം, മാവോയിസ്റ്റ് ആശയങ്ങളിലുണ്ടായ അതൃപ്തിയും സംസ്ഥാന സര്‍ക്കാറിന്റെ കീഴടങ്ങള്‍ നയവും കാരണമാണ് പൊലീസിനും ഭരണാധികാരികള്‍ക്കും മുമ്പില്‍ കീഴടങ്ങിയതെന്ന് ബാസ്തര്‍ എസ്.പി ആര്‍.എന്‍ ദാഷ് പറഞ്ഞു.

കീഴടങ്ങിയവരില്‍ ആറു പേര്‍ കുദുംകോദ്ര ഗ്രാമത്തിലും, അഞ്ചുപേര്‍ ചന്ദ്രഗിരി ഗ്രാമത്തിലും, പതിനൊന്ന് പേര്‍ ബയസ്പൂര്‍ ഗ്രാമത്തിലും ബാക്കിയുള്ളവര്‍ പുഗര്‍പ്പ ഗ്രാമത്തിലുമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

ബാസ്താര്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ നടന്ന സന്ദേശറാലിയും സര്‍ക്കാരിന്റെ കീഴടങ്ങല്‍ നയവുമാണ് ആയുധങ്ങള്‍ ഉപേക്ഷിക്കാനുള്ള തീരുമാനമെടുക്കാന്‍ കാരണമെന്ന് സംഘം പറഞ്ഞതായി എസ്. പി വ്യക്തമാക്കി. കീഴടങ്ങിയവരില്‍ ഭൂരിഭാഗവും നിരോധിത നക്‌സല്‍ സംഘത്തിലെ ചെറുകണ്ണികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ മദ്കമി ഹിത്‌മോ, ആന്റോ മാര്‍ക്കം എന്നിവരുടെ തലയ്ക്ക് ഒരു ലക്ഷം വീതം വില പറഞ്ഞിരുന്നതായും കീഴടങ്ങിയവര്‍ക്ക് ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ നയ പ്രകാരം പതിനായിരം രൂപ വീതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സഹായങ്ങളും അവര്‍ക്കു നല്‍കുമെന്ന് എസ്.പി അറിയിച്ചു. സംസ്ഥാനത്തെ സുക്മാ ജില്ലയിലെ ചിന്തല്‍നാര്‍ പ്രദേശത്ത് കഴിഞ്ഞയാഴ്ച 70 നക്‌സലുകള്‍ കീഴടങ്ങിയിരുന്നു.

Top