ചൈനയിൽ നിന്നും പുരാതന കാലത്ത് ഉപയോഗിച്ചിരുന്നുവെന്ന് കരുതുന്ന ഒരു ഫ്ലഷ് ടോയ്‌ലറ്റ് കണ്ടെത്തിയെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ചൈനയിലെ പുരാവസ്തു ഗവേഷകർ 2,200 മുതൽ 2,400 വർഷം വരെ പഴക്കമുള്ള ഒരു ഫ്ലഷ് ടോയ്‌ലറ്റ് കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. ആധുനിക ഫ്ലഷ് ടോയ്‌ലറ്റുകളുടെ കണ്ടുപിടുത്തം വിക്ടോറിയൻ കാലഘട്ടത്തിലെ ഇംഗ്ലണ്ടിലാണെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഈ നിരീക്ഷണത്തെ അട്ടിമറിക്കുന്നതാണ് പുതിയ കണ്ടുപിടുത്തം.
ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന ഫ്ലഷ് ടോയ്‍ലറ്റാണ് കണ്ടെത്തിയതെന്ന് ചൈനയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസി ഈ ആഴ്ച ആദ്യമാണ് റിപ്പോർട്ട് ചെയ്തത്. യുയാങ് നഗരത്തിലെ കൊട്ടാരത്തിൻറെ അവശിഷ്ടങ്ങളിൽ നടത്തിയ പുരാവസ്തു ഖനനത്തിനിടെയാണ് ഈ ഫ്ലഷ് ടോയ്‍ലറ്റ് കണ്ടെത്തിയത്. കൊട്ടാരത്തിലെ പുരാതനമായ രണ്ട് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ ഖനനത്തിനിടെയാണ് ചൈന അക്കാദമി ഓഫ് സോഷ്യൽ സയൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജിയിലെ ഗവേഷകർ ഫ്ലഷ് ടോയ്‍ലറ്റ് കണ്ടെത്തിയത്.
പരസ്പരം യുദ്ധം ചെയ്യുന്ന രാജ്യങ്ങളുടെ കാലഘട്ടം മുതൽ ഹാൻ രാജവംശത്തിൻറെ ആരംഭ കാലമായ 2,200 മുതൽ 2,400 വർഷം വരെ പഴക്കമുള്ളതാണ് ഈ പുരാതന ശൗചാലയമെന്ന് കരുതുന്നു. ഹാൻ സാമ്രാജ്യത്തിൻറെ കാലഘട്ടം പുരാതന ചൈനയുടെ സുവർണ്ണകാലഘട്ടമായി കരുതപ്പെടുന്നു. പല കാലങ്ങളിലായി മൂന്ന് തലസ്ഥാനങ്ങളിലൂടെ ഭരണം നടത്തിയ ഹാൻ, ബിസി 206 മുതൽ എഡി 220 വരെ ചൈന ഭരിച്ചു. ആധുനിക കാലത്ത് ഉപയോഗിക്കുന്ന വാട്ടർ ഡ്രെയിനേജ് സംവിധാനം കാരണം ടോയ്‌ലറ്റ് “വഞ്ചനാപരമായ രീതിയിൽ വികസിച്ചെന്ന്” പുരാതന ഉപകരണങ്ങളുടെ ഡിസൈൻ വിദഗ്ധനായ ഫാൻ മിംഗ്യാങ് പറയുന്നു.
ഒരു ടോയ്‌ലറ്റ് പാത്രം, തകർന്ന മറ്റ് ഭാഗങ്ങൾ, പുറത്തെ കുഴിയിലേക്ക് ഘടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു പൈപ്പ് എന്നിവയാണ് കഴിഞ്ഞ വേനൽക്കാലത്ത് കണ്ടെത്തിയത്. ചൈനയിലെ ഷാൻസി പ്രവിശ്യയിൽ നിന്ന് കണ്ടെത്തിയ കൊട്ടാരത്തിലെ ഉന്നത അംഗങ്ങൾ മാത്രമേ ഈ “ആഡംബര വസ്തു” ഉപയോഗിച്ചിരുന്നുള്ളൂവെന്ന് ഉത്ഖനന സംഘത്തിലെ അംഗമായ ലിയു റൂയി പറഞ്ഞതായി ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഓരോ തവണത്തെ ഉപയോഗം കഴിഞ്ഞതിന് പിന്നാലെ വേലക്കാർ ടോയ്‌ലറ്റ് പാത്രത്തിൽ വെള്ളം കൊണ്ട് പോയി ഒഴിക്കേണ്ടിയിരുന്നെന്നും ലിയു റൂയി കൂട്ടിച്ചേർത്തു.
ചൈനയിൽ കണ്ടെത്തിയ ആദ്യത്തെ ഫ്ലഷ് ടോയ്‌ലറ്റാണിത്. ഇത് കണ്ടെത്തിയപ്പോൾ ഉത്ഖനന സ്ഥലത്തുണ്ടായിരുന്ന എല്ലാവുരം ആശ്ചര്യപ്പെട്ടെന്നും ലിയു പറഞ്ഞു. ഫ്ലഷ് ടോയ്ലറ്റ് കണ്ടെത്തിയ പ്രദേശത്തെ മണ്ണ് വിശദപഠനത്തിന് അയക്കാനുള്ള തയ്യാറെടുപ്പിലാണ് പുരാവസ്തു ശാസ്ത്രജ്ഞർ. ഇവിടുത്തെ മണ്ണിനെ കുറിച്ചുള്ള പഠനത്തിലൂടെ പുരാതന ചൈനീസ് ജനതയുടെ ഭക്ഷണരീതികളെക്കുറിച്ച് സൂചന ലഭിച്ചേക്കാമെന്ന് ഗവേഷകർ കരുതുന്നു. കൊട്ടാരത്തിൽ നടക്കുന്ന പുരാവസ്തു ഖനനം ആ കാലഘത്തിലെ രാജവംശങ്ങളുടെ തലസ്ഥാനങ്ങളുടെ വിന്യാസത്തെക്കുറിച്ചുള്ള പഠനത്തിന് വലിയ പ്രാധാന്യം നൽകുന്നതായി ഗവേഷകർ അവകാശപ്പെട്ടു.