ന്യൂഡല്‍ഹി: ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മരിച്ചയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഉപഭോക്തൃ കമ്മീഷന്‍. ജയ്പുര്‍ ഗോള്‍ഡണ്‍ ആശുപത്രി നിതിന്‍ ദാബ്ല എന്നയാളുടെ കുടുംബത്തിന് 24 ലക്ഷം രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ കോടതിച്ചെലവായും നല്‍കണമെന്നാണു കമ്മീഷന്റെ വിധി.
മനുഷ്യരെന്ന നിലയില്‍ രോഗികളെ സേവിക്കുന്നതിന് ആശുപത്രിയുടെ മനോഭാവത്തില്‍ ഒരു മികച്ച മാറ്റം കൊണ്ടുവരാന്‍ ഈ വിധി സഹായിക്കുമെന്ന് ഉത്തരവ് പ്രഖ്യാപിച്ചുകൊണ്ട് കമ്മീഷന്‍ കുറിച്ചു. 2011 ഫെബ്രുവരി 9-ന് വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹി സ്വദേശിയായ ദാബ്ല വലത് തുടയിലെ പൊള്ളലിനു ചികിത്സ തേടിയാണ് ജയ്പുര്‍ ഗോള്‍ഡണ്‍ ആശുപത്രി ആശുപത്രിയില്‍ എത്തിയത്.
പരിക്കിന്റെ ഗുരുതരസാഹചര്യം കണക്കിലെടുത്ത് ഈ ദിവസം തന്നെ ദാബ്ലയ്ക്കു ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍ രക്തപ്പകര്‍ച്ചയിലുണ്ടായ പിഴവിനെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായി ദാബ്ല മരിക്കുകയായിരുന്നു.
രോഗിയുടെ അവസ്ഥ ഗുരുതരമായപ്പോള്‍ പോലും ഡോക്ടര്‍മാര്‍ സ്ഥലത്ത് എത്തിയില്ലെന്നു ബന്ധുക്കള്‍ ആരോപിച്ചു.