കെഎസ്ആര്‍ടിസി പുതിയതായി വാങ്ങുന്നവയില്‍ 25 ശതമാനവും വൈദ്യുത ബസുകള്‍: ആന്റണി രാജു

തിരുവനന്തപുരം: വൈദ്യുത വാഹനങ്ങളുടെ പ്രചാരം വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ കെഎസ്ആർടിസിയും വൈദ്യുത രംഗത്തേക്ക് നീങ്ങുകയാണെന്ന് മന്ത്രി ആന്റണി രാജു. പുതുതായി വാങ്ങുന്ന ബസുകളിൽ 25 ശതമാനവും വൈദ്യുത വാഹനങ്ങളാകുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ കെ.എസ്.ഇ.ബി സ്ഥാപിച്ച 145 ചാർജിങ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ ബസുകൾ വാങ്ങാൻ കിഫ്ബി വഴി 756 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് നൽകും. ഇതിൽ 25 ശതമാനം തുക വൈദ്യുത ബസുകൾ വങ്ങാനാണെന്നും മന്ത്രി പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ ചാർജിങ് സ്‌റ്റേഷനുകൾ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് കെഎസ്ഇബിക്ക് 8 കോടി രൂപ നൽകി. ചാർജിങ് സ്‌റ്റേഷനുകളുടെ കുറവ്, ഒറ്റ ചാർജിൽ സഞ്ചരിക്കാവുന്ന ദൂരത്തിലെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ ജനങ്ങൾ വളരെ വേഗം വൈദ്യുത വാഹനങ്ങളിലേക്ക് ആകൃഷ്ടരാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ചാർജ് ചെയ്യാൻ ഉതകുംവിധം 1165 പോൾ മൗണ്ടഡ് ചാർജിങ് സെന്ററുകളുടെ നിർമാണം പുരോഗമിച്ചു വരികയാണ്. ഈ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ 141 പോൾ മൗണ്ടഡ് ചാർജിങ് സെന്ററുകളാണ് സ്ഥാപിക്കുന്നത്.

Top