കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ കാര്‍ഗോ സര്‍ചാര്‍ജ് 25 ശതമാനം വര്‍ധിപ്പിച്ചതില്‍ കയറ്റുമതിക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളിലേക്കുള്ള കയറ്റുമതിയ്ക്കാണ് സര്‍ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്.
പഴം, പച്ചക്കറി കയറ്റുമതിയ്ക്ക് ഒരു കിലോഗ്രാമിന് 42.50 രൂപയാണു ഈടാക്കിയിരുന്നത്. കിലോഗ്രാമിനു 40 രൂപയും എക്‌സ്‌റേ, സ്‌ക്രീനിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് 2.50 രൂപയും ചേര്‍ത്താണിത്. സര്‍ചാര്‍ജ് ആയി 10 രൂപ കൂടി വേണമെന്നാണു പുതിയ നിര്‍ദേശം. അതനുസരിച്ച് കിലോഗ്രാമിന് 52.5 രൂപ നല്‍കണം. സര്‍ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതി ഇന്നലെ മുതല്‍ ബഹിഷ്‌കരിച്ചു തുടങ്ങിയിരുന്നു.
കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു മറ്റു ഗള്‍ഫ് നാടുകളിലേക്കുള്ള നിരക്കുകള്‍ കൂട്ടിയിട്ടില്ലെന്നും കേരളത്തിലെ മറ്റു വിമാനത്താവളങ്ങളില്‍നിന്നു വര്‍ധന ഇല്ലെന്നും കയറ്റുമതിക്കാര്‍ പറയുന്നു. മാത്രമല്ല, കോഴിക്കോട്ടുനിന്ന് യുഎഇയില്‍ ഉള്‍പ്പെടുന്ന അബുദാബി വിമാനത്താവളത്തിലേക്കും നിരക്കുവര്‍ധന ഇല്ല. കൂടുതല്‍ കയറ്റുമതിയുള്ള സെക്ടറുകളിലാണു വര്‍ധന.
കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു ദിവസവും 5 വിമാനങ്ങളാണ് ദുബായ്, ഷാര്‍ജ സെക്ടറുകളില്‍ സര്‍വീസ് നടത്തുന്നത്. ശരാശരി മൂന്ന് ടണ്‍ വീതം 15 ടണ്‍ പഴം-പച്ചക്കറി ഉല്‍പന്നങ്ങളാണ് ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നത്.