ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന പുത്തന്‍ ടിഗോര്‍ ഇവിയാണ് ടാറ്റ മോട്ടോഴ്‌സ് എത്തിക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ അനുസരിച്ച് 300 കിമീ വരെ റേഞ്ചുള്ള വാഹനമാണ് എത്തുന്നത് എന്നാണ്.
എന്തായാലും പുതിയ ടിഗോറിന്റെ ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ടാറ്റാ മോട്ടോഴ്‌സ്. ഓണ്‍ലൈനായും ടാറ്റ ഡീലര്‍ഷിപ്പുകള്‍ വഴിയും വാഹനം ബുക്ക് ചെയ്യാം. 21000 രൂപയാണ് വാഹനത്തിനുള്ള ബുക്കിംഗ് തുക എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഇവി ഓഗസ്റ്റ് 31 ന് ഔദ്യോഗികമായി പുറത്തിറക്കും. രാജ്യത്ത് ലഭ്യമാകുന്ന വിലകുറഞ്ഞ ഇലക്ട്രിക്ക് കാര്‍ എന്ന പ്രത്യേകതയുമായാണ് പുതിയ ടിഗോര്‍ ഇവി നിരത്തിലെത്തുക.
നെക്‌സോണ്‍ ഇവിയിലെ സിപ്‌ട്രോണ്‍ കരുത്തുമായിട്ടാണ് വാഹനം എത്തുന്നത്. നെക്‌സോണ്‍ ഇവിയില്‍ പ്രവര്‍ത്തിക്കുന്ന അതേ സിപ്‌ട്രോണ്‍ പവര്‍ട്രെയിനാണ് ടിഗോറിലും ഉള്‍പ്പെടുത്തുക. കൂടുതല്‍ വേഗത്തിലുള്ള ചാര്‍ജിങും കൂടുതല്‍ മൈലേജും ഉറപ്പാക്കിയാണ് ടിഗോര്‍ ഇവി മുഖം മിനുക്കുന്നത്. 250 കിലോമീറ്ററിന് മുകളില്‍ റേഞ്ച് വാഹനം നല്‍കുമെന്നും ടാറ്റ അവകാശപ്പെടുന്നു.