ന്യൂഡല്‍ഹി: ഇന്ത്യയുടെ മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ തയാറെടുത്ത് 250 തീവ്രവാദികള്‍ കാശ്മീര്‍ താഴ് വരയിലെത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നിയന്ത്രണരേഖ കടന്ന് തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്ത മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ തീവ്രവാദികള്‍ക്ക് നിര്‍ദേശം കിട്ടിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്ഷ ഇ മൊഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ സംഘടനകളില്‍ പെട്ട 250 തീവ്രവാദികള്‍ താഴ്‌വരയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സൈനികരേയും സൈനിക കേന്ദ്രങ്ങളേയും ഇവര്‍ ലക്ഷ്യമിട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരിലെ എല്ലാ സുരക്ഷാ സേനാവിഭാഗങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കി. അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ഏത് ആക്രമണവും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് പ്രതിരോധ കേന്ദ്രങ്ങള്‍ അറിയിച്ചു.