അഹമ്മദാബാദ്: ബാലാകോട്ട് പ്രത്യാക്രമണകത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി അമിത് ഷാ. പുല്‍വാമ ഭീകരാക്രമണം നടന്ന് പതിമൂന്നാം ദിവസം ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാക്കിസ്ഥാനിലെ 250 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് അമിത് ഷാ പറഞ്ഞത്.
ഇതുവരെ ഇന്ത്യ മരിച്ച ഭീകരരുടെ കണക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് അമിത് ഷാ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അതേസമയം നേരത്തേ, ബാലാകോട്ട് ആക്രമണത്തെയും പുല്‍വാമ ഭീകരാക്രമണത്തെയും രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു.
അഹമ്മദാബാദില്‍ നടന്ന ‘ലക്ഷ്യ ജീതോ’ എന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യ ശക്തമായ മറുപടി നല്‍കിയെന്ന് അമിത് ഷാ പറഞ്ഞത്. ”ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ കയറി മിന്നലാക്രമണം നടത്തി. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മിന്നലാക്രമണം ഉണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ എന്താണുണ്ടായത്? പാകിസ്ഥാനില്‍ കയറി ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ 250 ഭീകരരെ വധിച്ചു. ഒരു പോറല്‍ പോലുമേല്‍ക്കാതെ തിരിച്ചു വരികയും ചെയ്തു”, അമിത് ഷാ പറഞ്ഞു.
അമേരിക്കയ്ക്കും ഇസ്രായേലിനും ശേഷം സായുധ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ മറുപടി നല്‍കിയ ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും അമിത് ഷാ പറയുന്നു. ”നേരത്തെ നമ്മുടെ ജവാന്‍മാരുടെ തലയറുത്തിരുന്നു പാക്കിസ്ഥാന്‍. ഇപ്പോള്‍ നമ്മുടെ അതിര്‍ത്തി കടന്ന് വന്ന പാക് വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ പാക് അധീന കശ്മീരില്‍ പെട്ടുപോയ നമ്മുടെ ജവാനെ 30 മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചു കിട്ടി.’ അമിത് ഷാ വ്യക്തമാക്കി.
ഫെബ്രുവരി 26-നാണ് ഇന്ത്യ-പാക് അതിര്‍ത്തി ലംഘിച്ച് ഖൈബര്‍ പഖ്തുന്‍ഖ്‌വ പ്രവിശ്യയിലെ ബാലാകോട്ടിലേക്ക് കയറി പ്രത്യാക്രമണം നടത്തിയത്. ജയ്‌ഷെ മുഹമ്മദ് പരിശീലന ക്യാംപിന് നേരെയായിരുന്നു ആക്രമണം. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാക് അധീന കശ്മീരില്‍ ഉണ്ടായിരുന്ന ഭീകരക്യാംപുകളിലെ തീവ്രവാദികളെ പാകിസ്ഥാന്റെ പ്രവിശ്യക്ക് അകത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചെന്ന ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം.