ന്യൂഡല്‍ഹി: ഇനി മുതല്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ അടയ്ക്കാനുള്ള തുക വാഹനം വിറ്റാല്‍പോലും ലഭിച്ചേക്കില്ലെന്ന മുന്നറിയിപ്പാണ് ലഭിക്കുന്നത്. അത്രയ്ക്കു ഭീമമായ പിഴയാണ് പുതിയ നിയമം പ്രാബല്യത്തില്‍വന്നതോടെ നിയമലംഘകര്‍ക്ക് ലഭിച്ച് തുടങ്ങിയിരിക്കുന്നത്. ഗുഡ്ഗാവിലെ ദിനേഷ് മദനെന്ന യുവാവിന്റെ അനുഭവം അറിഞ്ഞാല്‍ നിയമം തെറ്റിച്ച് വാഹനം ഓടിക്കാന്‍ എല്ലാവരും ഒന്നു മടിക്കും.
ഹെല്‍മറ്റും വാഹനത്തിന്റെ രേഖകളുമില്ലാതെ സ്‌കൂട്ടറുമായി പുറത്തിറങ്ങിയ ദിനേഷിന് 23,000 രൂപയാണ് പിഴയായി പൊലീസ് ചുമത്തിയത്. വാഹനപരിശോധനയ്ക്കു പൊലീസ് തടയുമ്പോള്‍ ദിനേഷിന്റെ പക്കല്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റും ലൈസന്‍സും ഉണ്ടായിരുന്നില്ല. ഇതെല്ലാം ചേര്‍ത്താണ് പിഴ. ലൈസന്‍സില്ലാത്തതിന് 5,000 രൂപ, വാഹനം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 5,000 രൂപ. ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2,000 രൂപ, പുകപരിശോധന സര്‍ട്ടിഫിക്കറ്റ് എടുക്കാത്തതിരുന്നതിന് 10,000. ഹെല്‍മെറ്റ് വയ്ക്കാതെ വണ്ടി ഓടിച്ചതിന് 10,000 എന്നിങ്ങനെ ഒരു പാക്കേജായാണ് ദിനേഷിന് പൊലീസ് പിഴ ചുമത്തിയത്.
തന്റെ സ്‌കൂട്ടര്‍ വിറ്റാല്‍ ആകെ 15,000 രൂപയാവും ലഭിക്കുക എന്നാണ് പിഴ രേഖപ്പെടുത്തിയ രസീത് കണ്ട് ദിനേഷ് പറഞ്ഞത്. വാഹനങ്ങളുടെ രേഖകള്‍ കയ്യില്‍ സൂക്ഷിച്ചിട്ടില്ലെന്നും വീട്ടിലുണ്ടെന്നും പൊലീസിനെ അറിയിച്ചെങ്കിലും അവര്‍ അംഗീകരിക്കാന്‍ തയാറായില്ല. വാട്‌സ്ആപ്പ് വഴി രേഖകളുടെ പകര്‍പ്പ് വീട്ടില്‍നിന്നും അയച്ചു നല്‍കിയെങ്കിലും അത് കാണിക്കുന്നതിന് മുമ്പ് പൊലീസ് പിഴയടിച്ചെന്നും ദിനേഷ് പറയുന്നു.
ഭീമമായ തുക അടക്കാന്‍ കഴിയാതെ വന്നതോടെ സ്‌കൂട്ടര്‍ പൊലീസുകാര്‍ പിടിച്ചെടുക്കുകയായിരുന്നു. പൊലീസുകാരന്‍ കുറച്ചുനേരം കാത്തിരുന്നെങ്കില്‍ ഇത്രയും പിഴ ലഭിക്കില്ലായിരുന്നു. പിഴ ഇളവ് ചെയ്യുമെന്നാണ് താന്‍ കരുതുന്നത്. ഇന്ന് മുതല്‍, താന്‍ എല്ലായ്‌പ്പോഴും വാഹനത്തിന്റെ രേഖകള്‍ കൈയില്‍ കരുതുമെന്നും ദിനേഷ് പറഞ്ഞു.