മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ 26 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ച് പൊലീസ്. വനത്തില്‍നിന്ന് 26 മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി എസ്പി അങ്കിത് ഗോയല്‍ പ്രതികരിച്ചു. മര്‍ദിന്‍ടോല വനപ്രദേശത്തെ കൊര്‍ചിയില്‍ ശനിയാഴ്ച രാവിലെ മുതല്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു.
മഹാരാഷ്ട്ര പൊലീസിന്റെ സി 60 കമാന്‍ഡോ സംഘമാണു മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. മരിച്ച മാവോയിസ്റ്റുകളുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രധാനപ്പെട്ട ഒരു മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടവരിലുണ്ടെന്നാണു ലഭിക്കുന്ന വിവരം.
ഗുരുതരമായി പരുക്കേറ്റ നാലു പൊലീസുകാരെ ഹെലികോപ്റ്ററില്‍ നാഗ്പൂരിലേക്കു കൊണ്ടുപോയി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചത്തീസ്ഗഡ് അതിര്‍ത്തിയിലുള്ള വനപ്രദേശത്താണു മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത്.