കാസര്‍ഗോഡ് : കേരളത്തിന് വീണ്ടും ആശ്വാസം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ് ജില്ലയില്‍ ചികിത്സയിലായിരുന്ന 26 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 60 ആയി.
കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേരാണ് ഇന്ന് ഡിസ്ചാര്‍ജ്ജ് ആകുന്നത്. നിലവില്‍ 105 പേരാണ് ജില്ലയില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.
രോഗബാധിതരുടെ എണ്ണവും കാസര്‍ഗോഡ് ജില്ലയില്‍ കുറഞ്ഞുവരികയാണ്. ഒപ്പം രോഗമുക്തിനേടുന്നവരുടെ എണ്ണം കൂടിവരുന്നതും ജില്ലയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്നു. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ പേര്‍ക്ക് കോവിഡ് നെഗറ്റീവ് ആകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള കാസര്‍ഗോഡ് പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ആരോഗ്യവകുപ്പ് പെരിയ ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച് സമൂഹ സാമ്പിള്‍ ശേഖരണം ആരംഭിച്ചു. ഇന്നലെ മാത്രം 200 പേരുടെ സാമ്പിള്‍ ആണ് ശേഖരിച്ചത്.
പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം നിലവില്‍ കേരളത്തില്‍ കുറഞ്ഞു വരികയാണ്. പുതിയ രോഗികളെക്കാള്‍ കൂടുതലാണു രോഗമുക്തരാകുന്നവരുടെ എണ്ണമെന്നതും കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മാറ്റ് കൂട്ടുന്നതാണ്.