ഇരുപത്തിയാറാമത് അന്തരാഷ്ട്ര ചലച്ചിത്ര മേളയില്‍ അഫ്ഗാനിലെ സംഘര്‍ഷഭരിതമായ ജീവിത സാഹചര്യങ്ങളും അതിജീവനവും പശ്ചാത്തലമാക്കുന്ന അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സഹ്റ കരീമി ,ഗ്രനാസ് മൗസാവി ,റോയ സാദത്ത് എന്നീ വനിതകളുടെ ചിത്രങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അഫ്ഗാനിലെ ഒന്‍പതുവയസുകാരന്റെ ദുരിത ജീവിതം ഒരു ഫോട്ടോജേര്‍ണലിസ്റ്റ് ചലച്ചിത്രമാക്കുന്നതാണ് ഗ്രനാസ് മൗസാവിയുടെ വെന്‍ പോമഗ്രനേറ്റ്‌സ് ഹൗളിന്റെ പ്രമേയം. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ തെരുവുകളില്‍ താമസിക്കുന്ന ഹെവാദ് എന്ന ഒമ്പത് വയസ്സുകാരന്റെ കഥയാണ് ചിത്രം പറയുന്നത്.
ഗര്‍ഭിണികളായ മൂന്ന് സ്ത്രീകള്‍ നേരിടുന്ന വ്യത്യസ്തമായ ജീവിതപ്രതിസന്ധികളാണ് സഹ്റ കരീമിയുടെ ഹവ മറിയം ആയിഷയിലൂടെ ചിത്രീകരിക്കുന്നത്. അഫ്ഗാനിലെ സ്ത്രീ വിരുദ്ധ മനോഭാവത്തിനെതിരെയുള്ള പോരാട്ടമാണ് എ ലെറ്റര്‍ ടു ദ പ്രസിഡന്റിന്റെ പ്രമേയം.
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരജേതാവ് സിദ്ധിഖ് ബര്‍മാകിന്റെ ഓപ്പിയം വാര്‍ ,അഫ്ഗാനില്‍ നിന്നും ഇറാഖിലേക്ക് കുടിയേറിയ നവീദ് മഹ്‌മൗദി ഒരുക്കിയ ഡ്രൗണിംഗ് ഇന്‍ ഹോളി വാട്ടര്‍,എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.ഫ്രെമിങ് കോണ്‍ഫ്‌ലിക്ട്, വേള്‍ഡ് സിനിമ, ജൂറി ഫിലിംസ് എന്നീ വിഭാഗങ്ങളിലായാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.