വാക്സിനെടുക്കാൻ വിസമ്മതിച്ച സൈനികരെ ‘വീട്ടിലേക്ക് പറപ്പിച്ച്’ അമേരിക്കൻ വ്യോമസേന

വാഷിങ്ടണ്‍: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ച 27 സൈനിക ഉദ്യോഗസ്ഥരെ യുഎസ് വ്യോമസേന പുറത്താക്കി. വാക്‌സിന്‍ എടുക്കാത്തതിന് ആദ്യമായിട്ടാണ് യുഎസ് ഇത്തരത്തില്‍ സൈനികരെ പുറത്താക്കുന്നത്. എല്ലാ സൈനിക അംഗങ്ങള്‍ക്കും ഓഗസ്റ്റില്‍ പെന്റഗണ്‍ വാക്‌സിന്‍ എടുക്കല്‍ നിര്‍ബന്ധമാക്കിയിരുന്നു. ഭൂരിപക്ഷം സൈനികരും കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്‌സിന്‍ സ്വീകരിച്ചവരാണ്.

എന്തുകൊണ്ടാണ് വാക്‌സിന്‍ സ്വീകരിക്കാത്തതെന്ന് വിശദീകരണം നല്‍കാന്‍ പുറത്താക്കിയ സൈനികര്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ ഇളവ് നല്‍കാന്‍ പര്യാപ്തമായ വിശദീകരണം ആരും നല്‍കിയില്ലെന്ന് യുഎസ് വ്യോമസേനാ വക്താവ് ആന്‍ സ്‌റ്റെഫനെക് പറഞ്ഞു.

97 ശതമാനം വ്യോമസേനാംഗങ്ങളും ഇതിനോടകം കോവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. യുഎസ് വ്യോമസേനയില്‍ 326,000 സജീവ അംഗങ്ങളാണ് ഉള്ളത്. വിവിധ യുഎസ് സേനകളിലായി 79 ഉദ്യോഗസ്ഥര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്.

Top