ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ വോട്ടെണ്ണലിനിടെ 270ലധികം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട വോട്ടെണ്ണലിന്റെ ഫലമായുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായതെന്നാണ് ഔദ്യോഗിക അറിയിപ്പ്. 1878 പേര്‍ വിവിധ അസുഖങ്ങള്‍ ബാധിച്ച‌് ആശുപത്രിയില്‍ ചികിത്സയിലാണെന്നും തെരഞ്ഞെടുപ്പ‌് കമീഷന്‍ വക്താവ‌് ആരിഫ‌് പ്രിയോ സുസാന്റോ അറിയിച്ചു.
കോടിക്കണക്കിന് ബാലറ്റ് പേപ്പറുകളാണ് ഉദ്യോഗസ്ഥര്‍ക്ക് എണ്ണിത്തീര്‍ക്കാനുണ്ടായിരുന്നത്. ഏപ്രില്‍ 17നായിരുന്നു ഇന്‍ഡൊനീഷ്യയില്‍ തെരഞ്ഞെടുപ്പ്. ചെലവ്ചുരുക്കലിന്റെ ഭാഗമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ പ്രാദേശിക പാര്‍ലമെന്റി തെരഞ്ഞെടുപ്പുകളും അതേ ദിവസമായിരുന്നു.
രണ്ട്കോടി 60 ലക്ഷം വോട്ടര്‍മാരാണ് ആകെയുണ്ടായിരുന്നത്. 80 ശതമാനം ആളുകളും വോട്ട് രേഖപ്പെടുത്തി. ഒരാള്‍ അഞ്ച് വോട്ടാണ് രേഖപ്പെടുത്തിയത്. നിലവിലെ പ്രസിഡന്റ് ജോകോ വിദോദോയും റിട്ടേര്‍ഡ് ജനറല്‍ പ്രഭോവോ സുബിയന്റോയും തമ്മിലാണ് പ്രധാന മത്സരം. വോട്ടെണ്ണല്‍ ആരംഭിച്ചെങ്കിലും ഫലപ്രഖ്യാപനത്തിനായി മെയ‌് 22 വരെ കാത്തിരിക്കണം.