28 visitors meets onsasikala 28 in one month

ബെംഗളൂരു: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട എഐഎഡിഎംകെ നേതാവ് ശശികലയെ ഒരു മാസത്തിനുള്ളില്‍ അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ചത് 28 പേര്‍.

കര്‍ണാടക ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് ഒരു വ്യക്തിക്ക് 15 ദിവസത്തിനുള്ളില്‍ ഒരു സന്ദര്‍ശകനെ മാത്രമേ അനുവദിക്കുകയുള്ളൂ. ജയില്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കണം കൂടിക്കാഴ്ച നടക്കേണ്ടതും. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ശശികലയ്ക്ക് സന്ദര്‍ശകരെ അനുവദിച്ചത്.

ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 18 വരെ 28 പേര്‍ ശശികലയെ സന്ദര്‍ശിച്ചു. ഓരോരുത്തരും 40 മിനിറ്റോളം അവരോടൊപ്പം ചെലവഴിച്ചു. ചിലര്‍ ഒന്നിലധികം തവണ സന്ദര്‍ശിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സന്ദര്‍ശകര്‍ക്ക് അവരെ കാണാന്‍ ജയിലില്‍ പ്രത്യേക സ്ഥലം അനുവദിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ആര്‍കെ നഗറിലെ സ്ഥാനാര്‍ഥിയുമായ ടിടിവി ദിനകരന്‍, എം തമ്പിദുരൈ, എംഎല്‍എമാര്‍ എന്നിവര്‍ കാണാനെത്തി. അതിനോടൊപ്പം ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ഒരു നേതാവും അവരെ സന്ദശിച്ചതായുംറിപ്പോര്‍ട്ടുണ്ട്.

ഫെബ്രുവരി 20നും മാര്‍ച്ച് 8നും ടിടിവി ദിനകരന്‍ ശശികലയെ സന്ദര്‍ശിച്ചതായാണ് ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു. 45 മിനിറ്റോളം അവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. തടവുകാര്‍ക്ക് 10 മിനിറ്റില്‍കൂടുതല്‍ സമയം അനുവദിക്കാത്ത സാഹചര്യത്തിലാണിത്.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ജയില്‍ ഡിജി സത്യനാരായണ റാവു നിഷേധിച്ചു.

Top