28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ‘മാസ്റ്റർ മൈൻഡ്സ്’ 11 സംവിധായകരുടെ പുതിയ സിനിമകൾ പ്രദർശിപ്പിക്കും

തിരുവനന്തപുരം: 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ‘മാസ്റ്റർ മൈൻഡ്സ്’ വിഭാഗത്തിൽ 11 സംവിധായകരുടെ ഏറ്റവും പുതിയ സിനിമകൾ പ്രദർശിപ്പിക്കും. ചലച്ചിത്ര അക്കാദമി ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് ‘മാസ്റ്റർ മൈൻഡ്സ്’.

കെൻ ലോച്ചിന്റെ ‘ദ ഓൾഡ് ഓക്ക്’ എന്ന ചിത്രമാണ് മേളയിലെത്തുക. നവജർമ്മൻ സിനിമയുടെ മുൻനിരക്കാരനും കാൻ, ബെർലിൻ, വെനീസ് മേളകളിൽനിന്ന് ഉന്നതപുരസ്‌കാരം നേടിയ സംവിധായകനുമായ വിം വെൻഡേഴ്സിന്റെ ‘പെർഫക്റ്റ് ഡേയ്സ്’ പ്രദർശിപ്പിക്കും. ഈ ചിത്രത്തിന് ഈ വർഷത്തെ കാൻ മേളയിൽ രണ്ടു പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.ഫിന്നിഷ് സംവിധായകൻ അകി കൗറിസ്മാക്കിയുടെ ‘ഫാളൻ ലീവ്സ്’ ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ ജൂറി പുരസ്‌കാരം ലഭിച്ച ചിത്രമാണ്. ജാപ്പനീസ് സംവിധായകൻ കൊറീദ ഹിരോകാസുവിന്റെ ‘മോൺസ്റ്റർ’ കാൻ ചലച്ചിത്രമേളയിൽ ക്വീർ പാം ബഹുമതിയും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും നേടിയിരുന്നു.

ഓസ്‌കർ, ബാഫ്ത, ഗോൾഡൻ ഗ്ളോബ് പുരസ്‌കാരജേതാവായ അമേരിക്കൻ സംവിധായകൻ വെസ് ആൻഡേഴ്സന്റെ ‘ആസ്റ്ററോയ്ഡ് സിറ്റി’, പറക്കുംതളികയെയും അന്യഗ്രഹജീവികളെയും സംബന്ധിച്ച ജനപ്രിയ മിത്തുകളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുന്നു.കെൻ ലോച്ച്, വിം വെൻഡേഴ്സ്, അകി കൗറിസ്മാക്കി, നൂരി ബിൽജെ സീലാൻ, മാർക്കോ ബെല്ളോക്യോ, വെസ് ആൻഡേഴ്സൺ, കൊറീദ ഹിരോകാസു, നാന്നി മൊറൈറ്റി, റാഡു ജൂഡ്, ആഗ്നിയെസ്‌ക ഹോളണ്ട്, സ്റ്റീഫൻ കൊമാൻഡറേവ് എന്നീ പ്രമുഖരുടെ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

 

Top