ഡല്‍ഹി: 2G സ്‌പെക്ട്രം കേസില്‍ ആഗസ്റ്റ് 25 നും സെപ്റ്റംബര്‍ 5 നും ഇടയ്ക്ക് ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ പ്രത്യേക സിബിഐ ജഡ്ജി വിധി പ്രഖ്യാപിക്കും.
അഞ്ചു വര്‍ഷം നീണ്ടു നിന്ന കേസിന്റെ വിചാരണ അവസാനിച്ചത് കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു. മുന്‍ ടെലികോം മന്ത്രി എ. രാജ, ഡിഎംകെ നേതാവ് കനിമൊഴി എന്നിവരാണ് പ്രധാന പ്രതിപ്പട്ടികയില്‍ പേരു ചേര്‍ക്കപ്പെട്ടിട്ടുള്ളത്.
മൂന്നു കേസുകളിലാണ് കോടതി വിചാരണ കേട്ടത്. അതില്‍ രണ്ട് കേസുകള്‍ സിബിഐയും ഒന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് സമര്‍പ്പിച്ചിരിക്കുന്നത്.
ആറ് വര്‍ഷം മുമ്പാണ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ രാജയ്‌ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹുര, രാജയുടെ സെക്രട്ടറി ആര്‍ കെ ചന്ദോലിയ, സ്വാന്‍ ടെലികോം പ്രൊമോട്ടര്‍മാരായ ഷാഹിദ് ഉസ്മാന്‍ ബല്‍വ, വിനോദ് ഗോയങ്കെ, യൂണിടെക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് ചന്ദ്ര എന്നിവര്‍ ഒരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു.
എസ്സാര്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍മാരായ രവി റൂയ, അന്‍ഷുമാന്‍ റൂയ, ലൂപ് ടെലികോം പ്രൊമോട്ടര്‍ കിരണ്‍ ഖൈത്തന്‍, ഭര്‍ത്താവ് ഐ പി ഖൈത്തന്‍, എസ്സാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ വികാശ് സറഫ് എന്നിവര്‍ രണ്ടാമത്തെ കേസില്‍ വിചാരണ നേരിട്ടു.
ലൂപ്പ് ടെലികോം ലിമിറ്റഡ്, ലൂപ് മൊബൈല്‍ ഇന്ത്യ ലിമിറ്റഡ്, എസ്സാര്‍ ടെലി ഹോള്‍ഡിംഗ് ലിമിറ്റഡ് (ഇടിഎച്ച്എല്‍) എന്നീ കമ്പനികളുടെ മേല്‍ കേസ് ചുമത്തിയിരുന്നു.