ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ വിവാദത്തിലാഴ്ത്തിയ 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ സിബിഐ പ്രത്യേക കോടതി എല്ലാ പ്രതികളെയും വെറുതേവിട്ടു.
പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി.
മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡിഎംകെയ്ക്കും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ രാജയ്ക്കും കനിമൊഴിക്കും രാഷ്ട്രീയമായി വലിയ ആശ്വാസം ലഭിക്കുന്നതാണ് കോടതി വിധി.
സിബിഐ അന്വേഷിച്ച രണ്ടും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് അന്വേഷിച്ച ഒരു കേസിലുമാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ഒപി സെയ്‌നി വിധി പ്രസ്താവിച്ചത്.
കോടതിയുടേത് ഒറ്റവരി വിധിപ്രസ്താവമായിരുന്നു.
മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിച്ചതില്‍ ഒരുലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നെന്ന സി എ ജി വിനോദ് റായിയുടെ റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
ഒമ്പത് ടെലികോം കമ്പനികള്‍ക്ക് 2ജി സ്‌പെക്ട്രം ക്രമവിരുദ്ധമായി നല്‍കിയതു വഴി സര്‍ക്കാരിന് ലക്ഷം കോടിരൂപയുടെ നഷ്ടം വന്നെന്ന് സി എ ജി കണ്ടെത്തിയിരുന്നു.
സ്‌പെക്ട്രത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ വിപണി അധിഷ്ഠിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് രീതി സ്വീകരിച്ചെന്നും ഇതാണ് നഷ്ടത്തിനിടയാക്കിയതെന്നുമാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുന്‍ ടെലികോം മന്ത്രിയും ഡി.എം.കെ നേതാവുമായ എ. രാജ, കരുണാനിധിയുടെ മകളും രാജ്യസഭ എം.പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബറുവ, ബോളിവുഡ് നിര്‍മ്മാതാവ് കരീം മൊറാനി, വ്യവസായി ഷാഹിദ് ബല്‍വ, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഗൗതം ഡോഷി തുടങ്ങിയവരാണ് സി.ബി.ഐയുടെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.
ആറു കൊല്ലത്തെ വിചാരണക്കു ശേഷമാണ് കേസില്‍ ഇന്ന് വിധി വന്നത്.