ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതി കേസില്‍ പ്രതികള്‍ക്കെല്ലാം ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. മുന്‍ ടെലികോം മന്ത്രി എ. രാജയും ഡിഎംകെ നേതാവ് കനിമൊഴിയും ഉള്‍പ്പെടെ എല്ലാപ്രതികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും സിബിഐയും സര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
ടുജി കേസില്‍ രാജയെയും കനിമൊഴിയെയും സിബിഐ കോടതി കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്താണ് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് മേയ് 25ന് കോടതി വീണ്ടും പരിഗണിക്കും. 2017 ഡിസംബര്‍ 21ന് കേസിലെ പ്രതികള്‍ക്കെതിരേ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സിബിഐ പ്രത്യേക കോടതി പ്രതികളെ വെറുതെവിട്ടിരുന്നു.
രാജയ്ക്കും കനിമൊഴിക്കും പുറമേ മുന്‍ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി.കെ. ചന്ദോലിയ തുടങ്ങി 14 പേരും സ്വാന്‍ടെലികോം, റിലയന്‍സ് ടെലികോം, യുണീടെക് വയര്‍ലെസ് തുടങ്ങിയ വന്‍കിട സ്വകാര്യ ടെലികോം കമ്പനികളും കേസില്‍ പ്രതികളായിരുന്നു.
ടുജി സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നാണ് സിഎജി കണ്ടെത്തിയിരുന്നത്. സിബിഐ അന്വേഷിച്ച രണ്ടും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസിലുമായിരുന്നു കോടതി നടപടി.