ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സർക്കാർ 10,000 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് വീഡിയോകോണ്‍ ടെലികമ്മ്യൂണിക്കേഷന്‍.
അഴിമതിക്കേസില്‍ സിബിഐ കോടതി പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിയ വിധി വന്നതിന് പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീഡിയോകോണ്‍ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നത്.
കേസിനെ തുടര്‍ന്ന് 10,000 കോടിയിലധികം രൂപയുടെ നഷ്ടം കമ്പനിക്കുണ്ടായിട്ടുണ്ടെന്നം കമ്പനി വ്യക്തമാക്കുന്നത്.
ഡിസംബര്‍ 21 നാണ് 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെ നേതാക്കളായ രാജയും കനിമൊഴിയും അടക്കം 19 പ്രതികളെ കുറ്റവിമുക്തരാക്കി സി ബി ഐ പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്.
സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2007-08 കാലയളവില്‍ 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നതായി 2010 ല്‍ സിഎജി വിനോദ് റായി കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്ന് 2011ല്‍ രാജ അറസ്റ്റിലായി. അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് 2012 ഫെബ്രുവരി രണ്ടിന് അനുവദിച്ച ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കി.
റദ്ദാക്കിയ ലൈസന്‍സുകളില്‍ വീഡിയോകോണിന്റെ 15 ലൈസന്‍സുകള്‍ ഉള്‍പ്പെടുന്നുണ്ട്. 1,500 കോടിയലധികം രൂപ ടെലികോം പെര്‍മിറ്റിനായി വീഡിയോകോണ്‍ നല്‍കിയിട്ടുണ്ട്.
ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലായി 2,221.44 രൂപയ്ക്കാണ് 2012 നവംബറില്‍ നടന്ന ലേലത്തില്‍ വീഡിയോകോണ്‍ 2ജി സ്‌പെക്ട്രം വാങ്ങിയത്.
വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ കമ്പനിയുടെ സ്‌പെക്ട്രം മുഴുവന്‍ എയര്‍ടെല്‍ ഏറ്റെടുക്കുകയായിരുന്നു.
സ്‌പെക്ട്രം പിന്‍വലിക്കപ്പെട്ടതോടെ വലിയ നഷ്ടം കമ്പനിയ്ക്കുണ്ടായെന്നും കടമെടുത്ത തുക ബാധ്യതയായിരുന്നതായും വീഡിയോകോണ്‍ അധികൃതര്‍ വ്യക്തമാക്കുന്നു.