ഡല്‍ഹി: യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ പ്രതികളെയെല്ലാം വെറുതെ വിട്ട വിധിയില്‍ സന്തോഷമറിയിച്ച് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം.
സര്‍ക്കാറിന്റെ ഉന്നത പദവികളില്‍ ഉണ്ടായിരുന്നവരെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ഒരിക്കലും ശരിയായിരുന്നില്ലെന്ന് കോടതിയില്‍ തെളിഞ്ഞിരിക്കുന്നു എന്നും പി ചിദംബരം പറഞ്ഞു.
അതേസമയം, 2ജി അഴിമതിക്കേസില്‍ കുറ്റവിമുക്തയാക്കിയതില്‍ സന്തോഷമുണ്ടെന്ന് കനിമൊഴി അറിയിച്ചു.
പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കനിമൊഴി പറഞ്ഞു.
സിബിഐ പ്രത്യേക കോടതിയുടെ വിധിപ്രസ്താവത്തിനു ശേഷമായിരുന്നു കനിമൊഴിയുടെ പ്രതികരണം.
ഏഴുവര്‍ഷമായി നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും, ഡിഎംകെയെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെന്നും കനിമൊഴി പറഞ്ഞു.
കനിമൊഴിയും മുന്‍ ടെലികോം മന്ത്രി എ രാജയും ഉള്‍പ്പെടെ 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്.
പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.