സാമ്പാര്‍ ചെമ്പില്‍ വീണ് പൊള്ളലേറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

സ്‌കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് പൊള്ളലേറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കര്‍ണാടകയിലാണ് സംഭവം. സ്‌കൂളിലെ അടുക്കളയില്‍ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാര്‍ ചെമ്പിലേക്ക് വീണ് ഏഴ് വയസുകാരിയായ മഹന്തമ്മ ശിവപ്പ വീഴുകയായിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു.

കല്‍ബുറഗി ജില്ലയിലെ ചിന്‍ംഗേര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് അപകടം. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തില്‍ സാമ്പാര്‍ ചെമ്പിലേക്ക് വീഴുകയായിരുന്നു. 40 ശതമാനം പൊള്ളലേറ്റ കുട്ടിയെ ഉടന്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് തുടര്‍ ചികിത്സയ്ക്കായി കല്‍ബുറഗിയിലെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റിയെങ്കിലും മാതാപിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം വെള്ളിയാഴ്ച കുട്ടിയെ കല്‍ബുര്‍ഗിയിലെ ബസവേശ്വര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് പിറ്റേന്ന് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ 3.30ന് കുട്ടി മരണപ്പെട്ടു.

സംഭവത്തില്‍ കുട്ടിയുടെ അമ്മ പരാതിനല്‍കിയതോടെ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂളിലെ അടുക്കള ജീവനക്കാര്‍, ഹെഡ്മിസ്ട്രസ്, ഉച്ച ഭക്ഷണ പദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍, അഫ്സല്‍പൂര്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍, അഫ്‌സല്‍പൂര്‍ താലൂക്ക് പഞ്ചായത്ത് ഓഫീസര്‍, ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു ഒരാളെ ജോലിയില്‍ നിന്ന് പുറത്താക്കി.

Top