സതാംപ്റ്റണ്‍: ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് സതാംപ്റ്റണില്‍ നടക്കും. ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന് വിജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്ന് ഇംഗ്ലണ്ട് വിജയിച്ചാല്‍ പരമ്ബര ഇംഗ്ലണ്ട് സ്വന്തമാക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് മത്സരം.
2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ യോഗ്യത നേടാനുള്ള സൂപ്പര്‍ ലീഗിന്റെ ഭാഗമായ മത്സരം കൂടിയാണിത്. നിലവിലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് നേരിട്ട് ലോകകപ്പ് ലഭിക്കുമെങ്കിലും അയര്‍ലന്‍ഡിന് സൂപ്പര്‍ ലീഗില്‍ ആദ്യ എട്ടിനുള്ളില്‍ എത്തിയാല്‍ മാത്രമെ നേരിട്ട് ലോകകപ്പ് യോഗ്യത സ്വന്തമാക്കാന്‍ സാധിക്കൂ.
ആദ്യ മത്സരത്തില്‍ ടീമില്‍ ഇംഗ്ലണ്ട് മാറ്റം വരുത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ബൗളിങ് നിര മികവുകാട്ടിയിരുന്നെങ്കിലും ഇംഗ്ലണ്ട് ബാറ്റിങ് മുന്‍ നിര നിരാശപ്പെടുത്തിയിരുന്നു. ജേസണ്‍ റോയി (24),ജോണി ബെയര്‍സ്റ്റോ (2),ജെയിംസ് വിന്‍സി (25),ടോം ബാന്റന്‍ (11) എന്നിവര്‍ക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. മധ്യനിരയിലെ സാം ബില്ലിങ്സ്,ഇയാന്‍ മോര്‍ഗന്‍ എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് കരുത്തായത്. പേസ് ബൗളിങ് നിരയില്‍ ഡേവിഡ് വില്ലിയാണ് കരുത്ത്. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റുമായി കളിയിലെ താരമായത് വില്ലിയായിരുന്നു. ടോം കുറാന്‍, സാഖിബ് മഹ്മൂദ്, ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവരാവും ബൗളിങ്ങില്‍ കരുത്തുപകരുക.