2nd test ; England vs pakistan

മാഞ്ചസ്റ്റര്‍: പാകിസ്താനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍ മുന്നില്‍ . മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്തിട്ടുണ്ട്.

രണ്ട് ദിവസത്തെ കളി ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് 489 റണ്‍സിന്റെ ലീഡുണ്ട്.

നാലിന് 57 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച പാകിസ്താന്‍ 198 റണ്‍സില്‍ എല്ലാവരും പുറത്തായി. പാകിസ്താനു വേണ്ടി ക്യാപ്റ്റന്‍ മിസ്ബാ ഉല്‍ ഹക്കിന്റെ (52) അര്‍ധസെഞ്ച്വറിയാണ് പാകിസ്താന്‍ സ്‌കോര്‍ 150 കടത്തിയത്.
മിസ്ബയ്ക്ക് പുറമേ വഹാബ് റിയാസ് (39), ഷാന്‍ മാസൂദ് (39), സര്‍ഫ്രാസ് അഹമ്മദ് (26) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു.

ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ ക്രിസ് വോക്‌സ് നാല് വിക്കറ്റ് നേടിയപ്പോള്‍ ബെന്‍ സ്‌റ്റോക്‌സ്, മൊയിന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജെയിംസ് അന്‍ഡേഴ്‌സണ്‍ ബ്രോഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

പാകിസ്താനെ ഫോളോ ഓണ്‍ ചെയ്യിക്കാമായിരുന്നെങ്കലും ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ഓപ്പണര്‍മാരായ കുക്കും ഹെയില്‍സും ചേര്‍ന്ന് ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്.

ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 68ല്‍ നില്‍ക്കെ 24 റണ്‍സെടുത്ത ഹെയില്‍സിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. മുഹമ്മദ് ആമിറിനാണ് വിക്കറ്റ്.

മൂന്നാമനായിറങ്ങിയ ജോ റൂട്ട് (പുറത്താകാതെ 24) ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിനെ (പുറത്താകാതെ 49) കൂട്ടുപിടിച്ച് സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ മുന്നോട്ട് ചലിപ്പിച്ചു. രണ്ട് ദിവസം ബാക്കിനില്‍ക്കെ മത്സരം ഇംഗ്ലണ്ടിന്റെ വരുതിയിലാണ്.

Top