ന്യൂഡല്‍ഹി: ഇന്ത്യലെ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സഹായഹസ്തവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും രണ്ട് കോടി രൂപയുടെ സഹായം നല്‍കിയിരുന്നു. കൂടാതെ ധനസമാഹരണ പ്രവര്‍ത്തനങ്ങളും ഇരുവരും തുടങ്ങി. ഇന്‍ ദിസ് ടുഗെദര്‍ എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌ന് തുടക്കമിട്ടാണ് ഇരുവരും രണ്ട് കോടി രൂപ സംഭാവന നല്‍കിയത്. ഏഴ് കോടി രൂപ ലക്ഷ്യമിട്ടായിരുന്നു ഈ ക്യാമ്പെയ്ന്‍.
24 മണിക്കൂറിനുള്ളില്‍ 3.6 കോടി രൂപ സമാഹരിക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞു. ഇക്കാര്യം കോലിയും അനുഷ്‌കയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും നന്ദി പറയുകയും ചെയ്തു. കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കാനാണ് ഈ പണം ചിലവഴിക്കുക.നിരവധി താരങ്ങള്‍ രാജ്യത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.