കൊല്ലം: കൊല്ലം ജില്ലയിലെ ചിതറയില്‍ സദാചാര ഗുണ്ടായിസത്തിന്റെ മറവില്‍ വീട്ടമ്മയെയും മകന്റെ കൂട്ടുകാരനായ യുവാവിനെയും മര്‍ദ്ദിച്ച സംഘത്തിലെ മൂന്ന് പേരെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ചിതറ സ്വദേശികളായ റിയാദ്, സഞ്ജു, അനസ് എന്നിവരാണ് അറസ്റ്റിലായത്. മര്‍ദ്ദനത്തിനിരയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
തിരുവനന്തപുരം -കൊല്ലം ജില്ലാതിര്‍ത്തിയില്‍ ചിതറ ദര്‍ഭക്കാട്ടില്‍ കഴിഞ്ഞ 12ന് പുലര്‍ച്ചെ രണ്ടിനാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. സംഭവത്തെക്കുറിച്ച് വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്. ആക്രമണം ഉണ്ടായ ദിവസം മകന്റെ സുഹൃത്ത് വീട്ടിലുണ്ടായിരുന്നു.
രാത്രി ബഹളം വച്ചെത്തിയ പരിസരവാസികളായ എട്ടു പേര്‍ ചേര്‍ന്ന് തങ്ങളെ വിളിച്ചിറക്കി മര്‍ദ്ദിക്കാന്‍ തുടങ്ങി. മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം സമീപത്തെ മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് വീണ്ടും മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദിക്കുന്നതിനിടെ തന്റെ വസ്ത്രം വലിച്ചുകീറാനും ശ്രമിച്ചു. തങ്ങള്‍ അവശരായതോടെ അക്രമികള്‍ പിന്‍വാങ്ങി.
മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിയ്ക്കുകയും ചെയ്തു. തന്നോട് ചിലര്‍ക്കുള്ള മുന്‍വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു.