ദലാല്‍ സ്ട്രീറ്റില്‍ രക്തച്ചൊരിച്ചില്‍; വിപണിയെ പിടിച്ചുലച്ച് കൊറോണയും, യെസ് ബാങ്കും

ലാല്‍ സ്ട്രീറ്റിലെ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഒരിക്കലും ആഗ്രഹിക്കാത്ത ദുഃസ്വപ്നങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. തിങ്കളാഴ്ച മാത്രം 6 ലക്ഷം കോടിയുടെ നഷ്ടമാണ് വിപണിയില്‍ സംഭവിച്ചത്. സെന്‍സെക്‌സ് 2300 പോയിന്റും, നിഫ്റ്റി 10,500 പോയിന്റുമാണ് ഇന്നത്തെ വ്യാപാരത്തില്‍ ഇടിഞ്ഞത്.

സെന്‍സെക്‌സ് 35,634.95 പോയിന്റിലും, നിഫ്റ്റി 10,451.45 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊറോണാവൈറസ് പകര്‍ച്ചവ്യാധി ആഗോള വിപണിയില്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് ആഭ്യന്തര വിപണിയിലും വീശിയടിക്കുകയാണ്. ക്രൂഡ് ഓയില്‍ വില 30 ശതമാനം ഇടിഞ്ഞതോടെ വീണ്ടുമൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന ആശങ്കകളും ഉടലെടുത്തിട്ടുണ്ട്.

യെസ് ബാങ്കിന്റെ അസ്ഥിരത വരുത്തിവെച്ച ചലനങ്ങള്‍ക്കൊപ്പം ഇതുകൂടി ചേര്‍ന്നതോടെ വിപണിയില്‍ എരിതീയില്‍ എണ്ണയൊഴിച്ച അവസ്ഥയാണ്. ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തില്‍ ചെറിയ തിരിച്ചുവരവ് നടത്തിയതാണ് ഏക ആശ്വാസം. സൗദി അറേബ്യ എണ്ണ വില വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ ചരിത്രത്തിലെ വമ്പന്‍ ഇടിവ് നേരിട്ടത്.

ഇന്ത്യയിലെ എണ്ണ വമ്പന്‍മാരായ എച്ച്പിസിഎല്‍, ഐഒസി, ബിപിസില്‍ എന്നിവരുടെ ഓഹരികളും ഇതോടെ വില താഴ്ന്ന അവസ്ഥ നേരിട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി തുടങ്ങിയ വിപണിയിലെ പ്രധാന പവര്‍ കമ്പനികളുടെയും മൂല്യം കുറഞ്ഞു. എണ്ണവില കുറയുന്നത് ഇന്ത്യ കുറച്ച് കാലത്തേക്ക് നല്ലതാണെങ്കിലും, നീണ്ടുനിന്നാല്‍ ഉയര്‍ന്നുവരുന്ന രാജ്യമെന്ന നിലയില്‍ വിപണിയിലെ ഫണ്ട് പുറത്തേക്ക് ഒഴുകാന്‍ ഇടയാക്കുമെന്ന ആശങ്കയുണ്ട്.

കൊറോണാവൈറസ് ലോകത്ത് പടര്‍ന്നതോടെ നിക്ഷേപകര്‍ ആശങ്കയിലാണ്. ടൂറിസം, വ്യാപാരം, വ്യോമഗതാഗതം തുടങ്ങിയ മേഖലകള്‍ ഇടിവ് നേരിടുകയാണ്. ഇത് വിപണിയില്‍ പ്രതിഫലിക്കുകയാണ്. ഇതിനിടെയാണ് യെസ് ബാങ്ക് പ്രതിസന്ധി ഒരു വശത്ത് ഉടലെടുത്തത്. യെസ് ബാങ്കിന്റെ ഭാവി മറ്റ് ബാങ്കിംഗ് ഓഹരികളെയും ബാധിക്കുന്ന അവസ്ഥയിലാണ്.

Top