ന്യൂഡൽഹി: മനുഷ്യക്കടത്തിലൂടെ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ എത്തിയ മൂന്ന് ഇന്ത്യൻ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കൂടാതെ നേപ്പാളിൽ നിന്നുള്ള 7 പെൺകുട്ടികളെയും രക്ഷപ്പെടുത്തി.
പഞ്ചാബിലെ മനുഷ്യക്കടത്ത് നടത്തുന്ന ചില ഏജൻസികൾ വഴി കെനിയയിൽ എത്തിയ ഇവർ അവിടെ കുടുങ്ങുകയായിരുന്നു. ഇവരുടെ ഫോണുകളും പാസ്പോർട്ടുകളും മനുഷ്യക്കടത്തുകാർ കൈവശപ്പെടുത്തിയിരുന്നു. തടവിലായ ഇവരെ രക്ഷിക്കുന്നതിനായി ഇന്ത്യൻ എംബസിയാണ് ഇടപെട്ടതെന്ന് കേന്ദ്രം അറിയിച്ചു.
കെനിയയിലെ മോംബാസ എന്ന സ്ഥലത്തായിരുന്നു പെണ്‍കുട്ടികളെ തടവിൽ പാർപ്പിച്ചിരുന്നത്. പെൺകുട്ടികളെ കെനിയയിൽ എത്തിച്ച ഏജൻസികൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും, കുട്ടികളെ മോചിപ്പിക്കാൻ പ്രവർത്തിച്ച കെനിയയിലെ ഇന്ത്യൻ എംബസിക്കും കെനിയൻ പൊലീസിനും നന്ദി അറിയിക്കുന്നതായും സുഷമ സ്വരാജ് പറഞ്ഞു.