ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആക്രമണത്തിനുള്ള പദ്ധതി തയാറാക്കവെ അറസ്റ്റിലായ മൂന്ന് ജയ്ഷ് ഇ മുഹമ്മദ് ഭീകരരെയും കോടതി പത്തു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഇവരുടെ പക്കല്‍നിന്ന് കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്തേണ്ടതുണ്‌ടെന്ന പോലീസ് ആവശ്യം പരിഗണിച്ചാണ് കസ്റ്റഡയില്‍വിട്ടിരിക്കുന്നത്. അറസ്റ്റിലായ മൊഹദ് സജീദ്, സാക്കിര്‍, സമീര്‍ എന്നിവരെയാണ് കസ്റ്റഡിയില്‍വിട്ടത്.
മൊഹദ് സജീദിന്റെ പക്കല്‍നിന്ന് സ്‌ഫോടക ശേഖരം പോലീസ് പിടിച്ചെടുത്തിരുന്നു. ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം ഉണ്ടായി ഇയാളുടെ കൈകള്‍ക്കു മാരക പൊള്ളലേറ്റതായി പോലീസ് കോടതിയില്‍ അറിയിച്ചു.
ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഇവരുടെ പക്കല്‍നിന്ന് കണ്‌ടെടുത്തിട്ടുണ്ട്. ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിലേക്കു നീളുന്ന തെളിവുകള്‍ ഇവരില്‍നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
2001ലെ പാര്‍ലമെന്റ് ആക്രമണം, ഈ വര്‍ഷം ജനുവരിയില്‍ ഉണ്ടായ പത്താന്‍കോട് വ്യോമസേന താവള ആക്രമണം എന്നിവയുടെ സൂത്രധാരനാണ് മസൂദ് അസ്ഹര്‍.