ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ; മുസ്ലിം വിരുദ്ധ കലാപം അന്വേഷിക്കാന്‍ മൂന്നംഗ സംഘം

mithri2

കൊളംബോ: ശ്രീലങ്കയിലെ ക്രമസമാധാനം തകര്‍ത്ത കാന്‍ഡിയിലെ മുസ്ലിം വിരുദ്ധ കലാപത്തിനെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചതായി പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. മുന്നു റിട്ടയേര്‍ഡ് ജഡ്ജിമാരടങ്ങുന്ന ഒരു പാനലാണ് കലാപത്തെ കുറിച്ച് അന്വേഷിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ചയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

ശ്രീലങ്കയില്‍ കാന്‍ഡിയില്‍ തുടങ്ങിയ വംശീയ കലാപം രാജ്യവാപകമായി കത്തി പടര്‍ന്നതിനെ തുടര്‍ന്ന് സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പത്തു ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കഴിഞ്ഞ നാലു ദിവസത്തിനിടെ കാന്‍ഡിയിലുണ്ടായ കലാപത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. കൂടാതെ 200-ഓളം മുസ്ലിം ബിസിനസുകാര്‍ക്കും നേരെയും വീടുകള്‍ക്ക് നേരേയും ആക്രമണം നടക്കുകയും അവരുടെ സ്ഥാപനങ്ങളും വീടുകളും തകര്‍ക്കുകയും ചെയ്തിരുന്നു. പതിനൊന്നോളം പള്ളികളും ഇവിടെ തകര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇവിടുത്തെ സ്ഥിതി ഒരു പരിധിവരെ നിയന്ത്രണത്തിലാണെന്ന് സൈന്യം അറിയിച്ചു.

രാജ്യതലസ്ഥാനമായ കൊളംബോയില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കാന്‍ഡി. ഇവിടെ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ താത്ക്കാലികമായി നീക്കിയിരുന്നെങ്കിലും പട്ടാളക്കാര്‍ ഇപ്പോഴും ജാഗ്രതയോടെ പട്രോളിങ്ങ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം, ആക്രമങ്ങളെ ഭയന്ന് ന്യൂനപക്ഷം വരുന്ന മുസ്ലീങ്ങള്‍ പട്ടാളക്കാരുടെ സുരക്ഷയില്‍ തന്നെ തങ്ങളുടെ പ്രാര്‍ഥനകള്‍ നിര്‍വഹിച്ചു.

അതേസമയം, നൂറു കണക്കിന് വരുന്ന ബുദ്ധമത വിശ്വാസികള്‍ കലാപത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തുകയും, കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കലാപം നടത്തിയ 150-ഓളം പേരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മുസ്ലീം വിരുദ്ധ പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയയിലൂടെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്ത അമിത് വീരസിംഗെയാണ് കേസിലെ ഒന്നാം പ്രതിയെന്ന് സംശയിക്കുന്നു. ഇദ്ദേഹത്തിനെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Top