വിയന്ന: ഭീകരവാദികള്‍ വിയന്നയിലെ ആറിടങ്ങളിലായി നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമികളിലൊരാളെ പൊലീസ് വെടിവെച്ച് കൊന്നു. ‘അതിക്രൂര ഭീകരാക്രമണം’ എന്നാണ് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റിയന്‍ കുര്‍സ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ആക്രമണം നടത്തിയ ഭീകരവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
സിറ്റിയുടെ ഹൃദയഭാഗത്തുള്ള സിനഗോഗിന് സമീപമുള്ള സ്ഥലമടക്കം ആറിടത്താണ് ആക്രമണമുണ്ടായത്. അക്രമികൾ തോക്കുമായാണ് എത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുയായിയാണ് കൊല്ലപ്പെട്ട ഭീകരവാദിയെന്ന് ഓസ്ട്രിയയിലെ മന്ത്രി കാള്‍ നെഹാമ്മര്‍ പറഞ്ഞു. ഓസ്ട്രിയ കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണുണ്ടായത്.
ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പ് റെസ്റ്റോറന്റുകളിലെത്തി ആഹാരം കഴിച്ച് മടങ്ങാമെന്ന് കരുതിയാണ് ഭൂരിഭാഗം പേരും പുറത്തിറങ്ങിയത്. ആശുപത്രിയിൽ 15 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. സുരക്ഷാ സേന ഭീകരർക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉൾപ്പെടെ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.